Tuesday, March 22, 2011

ആദ്യത്തെ കഥ..


ഒരു പിറവിയെക്കുറിച്ചാണ് ...
എന്റെ ആദ്യത്തെ കഥയുടെ പിറവിയെക്കുറിച്ച്...

ഒരു സൃഷ്ടിക്കു പിന്നില്‍ ഒരു പ്രേരകശക്തി കൂടിയേ തീരു.
ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംഭവം,അതിന്റെ സര്‍വശക്തിയും സംഭരിച്ച്,മനസ്സിന്റെ അടിത്തട്ടില്‍  നിന്നും ഒരു പ്രേരണാശക്തിയായി,പ്രചോദനമായി ,കൈയിലേക്ക് പ്രവഹിച്ചതിന്റെ ഫലമായാണ് എന്റെ ആദ്യത്തെ കഥ പിറന്നത് എന്ന് പറഞ്ഞാല്‍  അതില്‍ തെല്ലും അത്ഭുതമില്ല .

മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ശേഷമുള്ള വേനലവധിക്കാലം..കൊടും വെയില്‍.എത്ര നിര്‍ബന്ധിച്ചിട്ടും പുറത്ത് കളിയ്ക്കാന്‍ വിടുന്നില്ല,അങ്ങനെ വീടിനുള്ളില് തന്നെ അല്ലറ ചില്ലറ വികൃതികളുമായി കൂടുന്നതിനിടെയാണ് ഒരു ' നോട്ട് ' കൈയ്യില് തടയുന്നത്..
പത്തു രൂപ....!!!
അമ്മയുടെയും മുത്തശന്റെയും  കണ്ണ് വെട്ടിച്ചു കടയിലേക്ക് ഒരോട്ടമായിരുന്നു.
"ചേട്ടാ പത്തു bigfun " 
Bigfun  അക്കാലത്ത്  പ്രചാരത്തിലുണ്ടായിരുന്ന ഒരു bubble gum ആയിരുന്നു.
തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു പിന്‍ വിളി.
കടക്കാരന്‍ സണ്ണിയാണ് "മോനേ...അതിന്റെ കൂടെ ദാ ഇ കാര്‍ഡ്‌ ഫ്രീയുണ്ട് "
നോക്കിയപ്പോ ക്രിക്കറ്റ്‌ trumph കാര്‍ഡാണ്..ഒന്നും രണ്ടുമല്ല,പത്തെണ്ണം.

അതും വാങ്ങി bubble gum നുണഞ്ഞു വീട്ടിലെത്തി.
ഭാഗ്യം..പോയതും വന്നതും,ഒന്നും ആരും അറിഞ്ഞിട്ടില്ല. 

പക്ഷേ...   
ചതിച്ചാശാനേ...!!! 
കടക്കാരന്‍ സണ്ണി എന്നെ ചതിച്ചാശാനേ...!!!
പിറ്റേ ദിവസം കടയില്‍ ചെന്ന മുത്തശനോട് സണ്ണി പറഞ്ഞു കൊടുത്തു,കൊച്ചുമോന്‍ bubble gum വാങ്ങിയ കാര്യം.
താമസിയാതെ,വിവരം അമ്മയുടെ കാതുകളില്‍ എത്തി .പരിണിത ഫലമായി എനിക്ക് വീടിനു ചുറ്റും ഓടേണ്ടതായി വരികയും , കൈയ്യില്‍ പെട്ടപ്പോള്‍ അമ്മയുടെ ചില മര്‍ദന മുറകള്‍ എല്ക്കേണ്ടാതായി വരികയും ചെയ്തു .

"നിനക്കെവിടുന്നു കിട്ടിയെടാ പൈസാ "

"നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് bubble gum വാങ്ങി കഴിക്കരുതെന്ന് "

ഇത്തരത്തിലുള്ള ചില 'punching' ഡയലോഗുകളും അമ്മ പറയുന്നുണ്ടായിരുന്നു. 

കരഞ്ഞു കൊണ്ട് ഓടിപ്പോയി മുറിക്കുള്ളില്‍ കേറി,വാതില്‍ എട്ടു ദിക്കും പൊട്ടുമാറുച്ചതില്‍ വലിച്ചടയ്ക്കുകയും,മേശ വലിപ്പിനുള്ളില്‍ ബാക്കിയുണ്ടായിരുന്ന bigfun ഒരെണ്ണം വായിലിടുകയുമാണ്‌ ഞാന്‍  ചെയ്തത് (പിന്നെ നമുക്കും ദേഷ്യം വരൂല്ലേ... )..
അങ്ങനെ ആ അരിശത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇരിക്കുമ്പോഴാണ് മേശപ്പുറത്തിരുന്ന ബുക്കും പേനയും കണ്ണില്‍ പെടുന്നത്.
വഴക്ക് പറഞ്ഞ,അടിച്ച,അമ്മയോടുള്ള ദേഷ്യം,തല്ലു കൊള്ളിച്ച മുത്തശ്ശനോടുള്ള ദേഷ്യം,എല്ലാത്തിലുമുപരി എന്നെ ഒറ്റിയ കടക്കാരന്‍ സണ്ണിയോടുള്ള പ്രതികാര ദാഹം..ഇവ മൂന്നും കൂടി ഒന്നായി ചേര്‍ന്ന് ഒരു പ്രചോദന തരംഗമായി,മനസ്സില്‍ നിന്ന് ശരീരമാസകലം ഒരു അഗ്നിയായി പടരുകയും,ഒടുവില്‍ കഥ എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു 'സാധനം',പുറത്ത് വരികയും ചെയ്തു.
എന്റെ ആദ്യത്തെ കഥയിലെ നായകന്‍  ഒരു കുട്ടിയാണ്.അവനെ ആവശ്യമില്ലാതെ തല്ലുന്ന അമ്മയുടെ കഥാപാത്രവും,തല്ലു കൊള്ളിക്കുന്ന മുത്തശ്ശന്റെ കഥാപാത്രവും  കഥയിലുണ്ടായിരുന്നു .പക്ഷെ,നായകനായ കുട്ടിയെ ചതിക്കുന്ന ഒരു കടക്കാരനായിരുന്നു കഥയിലെ മെയിന്‍ വില്ലന്‍.ക്ലൈമാക്സില്‍ നായകന്‍ കടക്കാരനോട് പകരം വീട്ടുകയാണ്.
ഹോ..!!! 
വെറും 5 മിനിട്ടിനുള്ളില്‍ ഒരു കഥ എഴുതി പൂര്‍ത്തിയാക്കിയിരിക്കുന്നു.
ആ ചാരിതാര്‍ത്ഥ്യം മാത്രമാണ്  എന്റെ ദേഷ്യത്തിന് അല്പം അയവ് വരുത്തിയത്.

 ഒരു കഥാകൃത്തിന്റെ ആത്മ സംതൃപ്തിയോടെ കടന്നു പോയ രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം വന്ന ഒരു പകല്‍. 
ഞാന്‍ എവിടെയോ പോയിട്ട് തിരിച്ചു വീട്ടില്‍ വന്നു കേറുന്നതാണ് രംഗം.
ആരോ ഉറക്കെ സംസാരിക്കുന്നത് എനിക്ക് പടിക്കല്‍ നിന്നേ കേള്‍ക്കാം.ചിറ്റ(അമ്മയുടെ അനുജത്തി)യുടെ ശബ്ദമാണ്.വിഷു ആയത് കൊണ്ട് എല്ലാരും വീട്ടിലെത്തിയിരിക്കുന്നു. അടുത്തു ചെല്ലുന്തോറും എനിക്ക് വ്യക്തമായി തുടങ്ങി.അത് സംസാരമല്ല.എന്തോ ഉച്ചത്തില്‍  വായിക്കുകയാണ്.
നല്ല പരിചയമുള്ള വരികള്‍.ഇതെന്താ ഇതിത്ര ഉച്ചത്തില്‍ വായിക്കാന്‍..?
വീടിനുള്ളില്‍ കടന്നപ്പോള്‍  അപകടം മണത്തു..വായിക്കുന്നത് എന്റെ കഥയാണ്‌ ‌.എന്നെ കണ്ടപാടെ എല്ലാരും ചിരിക്കാന്‍ തുടങ്ങി.അമ്മയും ചിരിക്കുകയാണ്.
കഥാകൃത്തിനോട് അനുവാദം പോലുംചോദിക്കാതെ കഥയെടുത്ത് വായിച്ചതും പോരാ ചിരിക്കുന്നോ...?

"നീ ഇനി ഇടയ്ക്കിടയ്ക്ക്,bubble gum വാങ്ങിച്ചോണം കേട്ടോടാ..എന്നിട്ട് വേണം ഇനിയും  കഥയെഴുതാന്‍"
 സദസ്സില്‍ പൊട്ടിച്ചിരി.
'ഓഹോ...അപ്പോള്‍ കളിയാക്കുകയാണ്.അമ്മയ്ക്ക് മനസിലായിരിക്കുന്നു കഥയ്ക്ക്‌ പിന്നിലുള്ള 'പ്രചോദന'ത്തെ കുറിച്ച്..'
 എന്റെ കഥ, ചിറ്റ അതിന്റെ  താളത്തില്‍  വായിച്ചു കൊണ്ടും,എന്റെ മാതാപിതാക്കള്‍ ഉള്‍പടെയുള്ള  ശ്രോതാക്കള്‍ അത് കേട്ട് ചിരിച്ചു കൊണ്ടുമിരുന്നു..
എന്താ ഇതിലിത്ര ചിരിക്കാന്‍ ?  
ആ ചിരിയുടെ പിന്നിലെ 'പ്രേരക ശക്തി ' എന്താണെന്ന് എനിക്ക് മനസിലായില്ല.

കഷ്ടം...!!!
ഒരു സാഹിത്യകാരന്റെ ഉദയത്തില്‍ സന്തോഷിക്കേണ്ടതിനു പകരം കളിയാക്കുന്നു.
ഭൂമി പിളര്‍ന്ന്,ഉള്ളിലേക്ക് പോകണേ എന്ന് പ്രാര്‍ത്ഥിച്ചു പോയ  നിമിഷങ്ങള്‍.
എന്റെ മഹത്തായ സൃഷ്ടി ആ ചിരികളില്‍ അലിഞ്ഞില്ലതാവുന്നത് ഞാനറിഞ്ഞു ..




വാല്‍കഷ്ണം : പിന്നീട് മുതിര്‍ന്നപ്പോള്‍ ഞാന്‍ തന്നെ എന്‍റെ ആദ്യത്തെ കഥ വായിച്ചു പൊട്ടിച്ചിരിച്ചു പോയിട്ടുണ്ട് എന്നതും ഒരു സത്യമാണ്.

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...