Monday, August 17, 2020

പ്രേമലേഖനം

 


പ്രിയപ്പെട്ട  വള്ളിച്ചെടി...

ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന്നെ അപമാനമാണ്.മനുഷ്യരുടെ ഭാഷയിൽ പറഞ്ഞാൽ ' പാഴ്ത്തടി '.പക്ഷേ ഒന്നുണ്ട് കേട്ടോ,  പാഴ്ത്തടിയായത് കൊണ്ടുമാത്രമാണ് എനിയ്ക്കിത്രയെങ്കിലും ആയുസ്സ് കിട്ടിയത് .അല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ  എന്റെ കടയ്ക്കൽ  കോടാലി വീണേനെ.


പ്രിയപ്പെട്ടവളെ, ഈ പറമ്പിന്റെ മൂലയിൽ നിന്നെ കൊണ്ടുവന്നിട്ട സൗന്ദര്യവിരോധിയാരാണെന്ന്  ഞാനാലോചിക്കാറുണ്ട്.മനുഷ്യർക്ക് വളരെ വേണ്ടപ്പെട്ടവളാണല്ലോ നീ. എന്നിട്ടും ആർത്ത് വളരുന്ന കാട്ടുചെടികൾക്കൊപ്പം ആരാലും ഗൗനിക്കപ്പെടാതെ നീ നിൽക്കുന്നു.ആരും ഗൗനിക്കുന്നില്ലായെന്ന് പറഞ്ഞത് നിനക്കത്ര പിടിച്ചിട്ടില്ല എന്നറിയാം. മുഖം വാടണ്ട.ഞാനൊരു കള്ളം പറഞ്ഞതാണ്.ഈ പറമ്പിലെ തലപ്പൊക്ക വീരന്മാരും എന്നെപ്പോലെയുള്ള സാധുക്കളും നിന്നെ ഏറുകണ്ണിട്ട് നോക്കുന്നത് നീയറിയുന്നുണ്ടാവുമല്ലോ.


നിന്റെ  വൃക്ഷശ്രേഷ്ഠൻ  നൽകുന്ന തണൽത്തണുപ്പിന്റെ സ്വച്ഛതയിൽ നീ  ചിരിക്കുന്നത് ഞാൻ കാണാറുണ്ട്.നിനക്ക് മാത്രം പടർന്നു കയറാൻ ചില്ലകളൊരുക്കിവച്ചു ഹതാശരായവരിൽ ഒരാളാണ്  ഞാനും.നിന്റെ  ഉയരക്കാരന്റെ  മുൻപിൽ തലകുനിച്ചു നിൽക്കുവാൻ  വിധിക്കപ്പെട്ടവരിൽ ഒരാൾ.ഒന്ന് തല ചരിച്ചു നോക്കിയാൽ എന്നെ കാണാം.

ഞാനിതുവരെ  വാക്കുകൾ തിരയുകയായിരുന്നു, ഏറ്റവും ശ്രേഷ്‌ഠമായ  കവിതയെഴുതാൻ ശ്രമിക്കുന്ന കവിയെ പോലെ.ഏറ്റവും മികച്ച കഥക്കൂട്ടൊരുക്കുന്ന കാഥികനെ പോലെ .പക്ഷേ നിന്നോട് സംസാരിക്കാൻ  സ്വരുക്കൂട്ടിയ വാക്കുകൾ വെട്ടിയും തിരുത്തിയും മായ്ച്ചും മനസ്സ്  ശൂന്യമായിക്കൊണ്ടിരുന്നു.ഒടുവിലിതാ ,  ഇങ്ങനെ, ഈ രൂപത്തിലത് പുറത്തു വന്നു.ഒരുപാട് വൈകി, ഒരുപാടൊരുപാട് വൈകിയെഴുതിയ പ്രേമലേഖനം.നിന്നോടുള്ള സ്നേഹം പറയാതെ ഒടുങ്ങാനെനിക്ക് മനസില്ല .ഈ തുറന്നു പറച്ചിലിന്റെ  നിത്യമായ ആനന്ദമാണ്  ഇഹത്തിലും പരത്തിലും എനിക്ക് മോക്ഷമേകാൻ പോകുന്ന പുണ്യനദി.


നീ കേൾക്കുന്നില്ലേ...!!!

എന്റെ ശരീരത്തിലേക്ക് പല്ലുകൾ ആഴ്ത്താൻ കൊതിച്ചു നിൽക്കുന്ന ഹിറ്റാച്ചിയുടെ യന്ത്രമുരൾച്ച നീ കേൾക്കുന്നില്ലേ...!!!
ഒടുവിൽ അവർ സമ്മതിക്കുന്നു, ഞാൻ ഒന്നിനും കൊള്ളാത്ത പാഴ്ത്തടിയല്ലായെന്ന് . തീപ്പെട്ടിക്കും തീക്കൊള്ളിക്കും ഈയുള്ളവൻ ബെസ്റ്റാണെന്ന്... 


(ഒപ്പ് )

തീപ്പെട്ടി മരം 




Thursday, March 26, 2020

സതി


ഈ ഹിമദൂരങ്ങളിൽ സതി,
നീയെന്റെ പാതിയായി..
മനസ്സിന്റെ തപസ്സായി , ഉന്മാദമായി മോക്ഷമായി..
അപരാഹ്നങ്ങളിൽ നീയണിഞ്ഞ വെയിൽപൊന്നിനും,
വിഷുവങ്ങളിൽ ചൂടിയ കൊന്നപ്പൂവിനും,
നിന്റെ പാതിരാസൂര്യനും ഈ പകൽചന്ദ്രനും
നിന്റെ പ്രണയലാവയുടെ നീറ്റലിനും,
അതൊഴുകിപ്പരക്കുന്ന മുറിവിനും
തീമഞ്ഞ നിറം..
ചുടലപ്പറമ്പിലെ ഭസ്മനിറമണിഞ്ഞവന്
സതീ, നീ തന്നെ ഒരത്ഭുതമഞ്ഞ...

ഒടുവിൽ ഒരഗ്നികുണ്ഡത്തിന്റെ തീയിൽ വെന്ത്
എന്റെ നെഞ്ചിൽ അണയാകനലായി.
ജട പിടിച്ചു നിലത്തടിച്ച് അലറിയിറങ്ങുമ്പോൾ, ചുവടുകളിൽ താണ്ഡവമായി,
മൂന്നാം കണ്ണിലെ രൗദ്രതയുടെ ചുവപ്പായി...

Thursday, December 22, 2016

കോടികളിലല്ല കാര്യം


രണ്ടായിരം ജനുവരിയിലാണ് മലയാള സിനിമ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ അതിമാനുഷ അവതാരം വെള്ളിത്തിരയിൽ പിറവിയെടുത്തത്.രഞ്ജിത്ത് എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത 'നരസിംഹം'.തൊട്ടടുത്ത വർഷം രാവണപ്രഭു വന്നു രംഗം വീണ്ടും കൊഴുപ്പിച്ചു.എങ്കിലും പൂവള്ളി ഇന്ദുചൂഡൻ ഇരുന്ന സിംഹാസനം പിടിച്ചടക്കാൻ ആ ചിത്രത്തിനു കഴിഞ്ഞിരുന്നില്ല.പിന്നീടങ്ങോട്ടും അതിമാനുഷ കഥാപാത്രങ്ങളുടെ അളവ് കോലായി നരസിംഹവും ഇന്ദുചൂഡനും നിവർന്നു തന്നെ നിന്നു .അത്കൊണ്ട് തന്നെ മോഹൻലാലിന്റെ പ്രജ, ഒന്നാമൻ, താണ്ഡവം, ചതുരംഗം തുടങ്ങി നിലവാരമില്ലാത്ത അതിമാനുഷ കഥാപാത്രങ്ങൾക്ക് വഴി വെട്ടിയ ചിത്രം നരസിംഹമാണ് എന്ന് പറയാം.ദേവദൂതൻ എന്ന നല്ല ചിത്രത്തിന്റെ ദയനീയ പരാജയത്തിനും ഒരു പരിധി വരെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും നരസിംഹം ഒരു കാരണമായി.
രാവണപ്രഭുവിനു ശേഷം ഒരേ അച്ചിൽ വാർത്ത, അതിമാനുഷ മുദ്രയുള്ള,സാധാരണ പ്രേക്ഷകരും ഫാൻസും ഒരു പോലെ കൈവിട്ട നിരവധി ചിത്രങ്ങൾക്കു ശേഷം പച്ച തൊട്ട അതിമാനുഷൻ നരനിലെ വേലായുധനായിരുന്നു. ആ കഥാപാത്രത്തിന്റെ അതിമാനുഷികത്വം അൽപ്പം വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും മോഹൻലാലിനും കഴിഞ്ഞു എന്നത് കൊണ്ടാവണം ജനങ്ങൾ വേലായുധനെ കൊണ്ടാടിയത്. പിന്നീട് മോഹൻലാൽ തന്റെ എക്കാലത്തെയും സുരക്ഷിത താവളമായ 'കുടുംബ'ത്തിലേക്ക് തിരിച്ചു കയറി. തന്മാത്ര, രസതന്ത്രം, വടക്കുംനാഥൻ തുടങ്ങി മൂന്ന് സൂപ്പർ ഹിറ്റുകൾ ഏകദേശം ഒരു വർഷ കാലയളവിൽ പിറന്നു.കുടുംബ ചിത്രങ്ങൾ തീർത്ത ഇടവേളയ്ക്കു ശേഷം വന്ന ആക്ഷൻ ചിത്രം കീർത്തിചക്രയും വിജയം രുചിച്ചു.
കേരളം എന്ന ഠ വട്ടത്തിലെ ഒരു സിനിമയെ നൂറ് കോടി രൂപ കളക്ഷൻ നേടുന്ന ഒന്നാക്കി മാറ്റി എന്നത് ചില്ലറ കാര്യമല്ല.കളക്ഷൻ എന്നത് ക്വാളിറ്റിയുടെ മാനദണ്ഡം അല്ല എന്ന് തന്നെയാണ് വിശ്വാസം എങ്കിലും ഏഴു വയസ്സുള്ളവനെയും എഴുപതു വയസുള്ളവനെയും പത്തു വർഷമായി തീയറ്ററിൽ സിനിമ കാണാത്തവനെയും കൊട്ടകയിൽ എത്തിക്കാൻ പുലിമുരുകന് കഴിഞ്ഞു.അതെങ്ങനെ സാധ്യമായി എന്നുള്ള ചോദ്യത്തിനുള്ള ഉത്തരങ്ങൾ അക്കമിട്ടു നിരത്തിയാൽ അതിൽ ആദ്യത്തേത് മലയാളത്തിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളറുടെ പേരാവും. 'മോഹൻലാൽ'.എന്നാൽ പുലിമുരുകൻ എന്ന ചിത്രത്തിന്റെ ഭ്രമിപ്പിക്കുന്ന വിജയത്തിന്റെ ചുവടു പിടിച്ചു കാമ്പും കഴമ്പും (ഇത് രണ്ടും മുരുകനും കമ്മിയാണ് എങ്കിലും...)ഇല്ലാത്ത മാസ്സ് ഹീറോ വേഷങ്ങളുമായ് വന്നാൽ ജനങ്ങൾ പരിഗണിക്കണം എന്നില്ല.കുറേ നാളുകൾക്കു ശേഷം മോഹൻലാൽ എന്ന താരത്തിനെ (നടനെയല്ല ) സമർഥമായി ഉപയോഗിച്ചാണ് ചിത്രം വിജയം നേടുന്നത്. അന്ധമായ താരാരാധനയ്ക് അപ്പുറം മോഹൻലാൽ എന്ന നടനെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട്. മുരുകനെയും, ഇന്ദുചൂഡനെയും സ്നേഹിക്കുന്നതിലുപരി സേതുമാധവനെയും, കുഞ്ഞിക്കുട്ടനെയും,സത്യനാഥനെയും ഡോ.സണ്ണിയെയും രമേശൻ നായരെയും ജോർജ് കുട്ടിയേയും സ്നേഹിക്കുന്നവർ.മുരുകന്റെ ആരവങ്ങളിൽ അവരുടെ കൈയ്യടികളും ഉണ്ട് എങ്കിലും നരസിംഹത്തിന് ശേഷം പുറത്തു വന്നത് പോലെ നിലവാരമില്ലാത്ത പടപ്പുകൾ പുലിമുരുകന് ശേഷവും തട്ടി കൂട്ടിയാൽ അവർ ടിക്കറ്റ് എടുക്കില്ല.ഫാൻസ്‌ പോലും കയ്യൊഴിഞ്ഞേക്കും.കൃത്യമായ ഇടവേളയ്ക്കു ശേഷം തട്ടിക്കൂട്ട് അല്ലാത്ത ഒരു മാസ്സ് സിനിമ വന്നാൽ കാണാൻ ആളുണ്ടാകും. കുടുംബ ചിത്രങ്ങൾ മാത്രം ചെയ്യണം എന്നല്ല. മാസ്സ് പടങ്ങളുടെ പിറകെ പോയി മോഹൻലാൽ എന്ന നടനെ നഷ്ടപ്പെടാൻ മലയാളി ആഗ്രഹിക്കുന്നില്ല.നടൻ എന്ന നിലയിൽ അദ്ദേഹത്തെ വെല്ലുവിളിക്കുന്ന, ചൂഷണം ചെയ്യുന്ന ചിത്രങ്ങൾ കാണാനും കയ്യടിക്കാനും മലയാളിക്ക് ആഗ്രഹം ഉണ്ട്.

രാജമാണിക്യം എന്ന പണം വാരി ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെയും അവസ്ഥ മറ്റൊന്നല്ല.അതിമാനുഷ തുടർച്ചകളിൽ ലാലേട്ടൻ മുണ്ടു മടക്കി കുത്തി മീശ പിരിക്കും എന്ന അവസ്ഥ ആയിരുന്നു എങ്കിൽ മമ്മൂക്ക ചെയ്യാത്ത കുറ്റത്തിന് നാട് വിട്ടു പോയി വേറെ ഭാഷ പറഞ്ഞു മടങ്ങി എത്തുന്ന കഥാപാത്രങ്ങൾ കൊണ്ട് മനം മടുപ്പിച്ചു. മികച്ച കഥാപാത്രങ്ങൾ ഇവരെ തേടി എത്താത്തതാണോ ഇവർക്കു താല്പര്യമില്ലാത്തതാണോ എന്ന് നമുക് അറിയില്ല. രണ്ടായാലും നഷ്ടം പ്രേക്ഷകനാണ്.
എന്തായാലും മലയാള സിനിമ ചരിത്രത്തിലെ ആദ്യ നൂറുകോടിയുടെ കിലുക്കത്തിന് ലാൽ സലാം..
നൂറ് കോടി ലാൽ സലാം. 

Thursday, September 22, 2016

മുക്തി



 ഒരിക്കൽ കൂടി  ചുംബിക്കണം.
പുതിയ കഥയുടെ പറുദീസയിലേക്കു ഞാൻ നടന്നു കയറും മുൻപ്
നിന്നെ ഒരിക്കൽ കൂടി ചുംബിക്കണം.
ചുംബനം സമരമെങ്കിൽ,ആ സമരം നയിക്കണം.
ചുംബനം മുക്തിയെങ്കിൽ ,അതിൽ മുങ്ങി നിവരണം.
അതിനു നിന്നെ ചുംബിക്കണം.ചുംബിച്ചുറക്കണം.
നീ ഉറങ്ങുന്നത് നോക്കിയിരിക്കണം.
ഇനി ഉണരില്ലന്നു ഉറപ്പു വരുത്തണം.
ഒരു വെളിമ്പറമ്പിൽ കുഴിച്ചിടണം.
അന്നേ ദിവസം ഞാൻ ധ്യാനത്തിന് പോയെന്നു,
എനിക്ക് എന്നോട് തന്നെ നുണ പറയണം.
ഞാൻ എന്നെ തൂക്കിലിട്ടില്ലെങ്കിൽ,
തിരിച്ചെത്തി നിൻ കുഴിമാടത്തിൽ 
ഒരിക്കലും വിടരാത്ത പൂ വയ്ക്കണം.
ശേഷം കാഴ്ചയിൽ എന്നൊരു കുറിപ്പെഴുതി
അടിയിൽ ഒപ്പിടണം.
ഇതിനൊക്കെ വേണ്ടി,നമുക്കൊരു സമരം നയിക്കണം.
നമുക്ക്  ഒരു തവണ കൂടി ചുംബിക്കണം.
എനിക്ക് എന്റെ മുക്തിയിലേക്ക് ഉണരണം.
ഭാരമില്ലാത്ത ഇലയായ് പറക്കണം.

Monday, November 23, 2015

കരികിലപ്പിടച്ചികൾ..കവളംകാളികൾ..കലപിലകൾ


വീടിന്റെ മുകളിലേക്ക് ചാഞ്ഞ പേരമരം വെട്ടിയതിനും പറമ്പിലെ മൾബറി ഉണങ്ങി പോയതിനും ശേഷമാണ് കിളികൾ വരാതായത്.കരികിലപ്പിടച്ചികൾ കവളം കാളികൾ പച്ചക്കിളികൾ പിന്നെ കുറെ പേരറിയാ പക്ഷികളും ഞങ്ങളുടെ (അവരുടെയും) പറമ്പ് ഉപേക്ഷിച്ചു പോയതിന്റെ കാരണം ഇടയ്ക്ക് ചെറു സന്ദർശനം നടത്തിയ ഒരു കരികിലപ്പിടച്ചി പറഞ്ഞാണ് ഞാൻ അറിയുന്നത്.പേരയ്ക്ക ഇല്ല.മൾബറിയ്ക്ക ഇല്ല.ആകെയുള്ള കപ്പളത്തിലെ ഒരു കായ പോലും പഴുക്കാൻ അനുവദിക്കാതെ നിങ്ങൾ പറിച്ചു തോരൻ വച്ച് ചോറിനു കൂട്ടുന്നു.പിന്നെയെന്തിനാണ് ഞങ്ങൾ വരുന്നത് എന്ന ന്യായമായ ചോദ്യവും ചോദിച്ചു കരികിലപ്പിടച്ചി പറന്നു പോയി.

ഞാൻ പറമ്പിലേക്ക് നോക്കി.ശരിയാണ് കിളികൾക്ക് ഉപകാരപ്പെടുന്ന യാതൊന്നും പറമ്പിൽ കാണുന്നില്ല.ഇടിവെട്ടേറ്റതിൽ പിന്നെ പ്ലാവ് രോഗശയ്യയിലായി.നാട്ടുമാവ് ഒന്നരാടനാണ്.മൂന്നോ നാലോ വാഴയുണ്ട്.ചെമ്പരത്തിയും തുളസിയും  കൂവളവും കൊണ്ട് പക്ഷികൾക്ക് പ്രയോജനമൊന്നുമുണ്ടാവാൻ ഇടയില്ല.
എങ്കിലും കാക്കകൾ എന്തിനാണ് പോയതെന്ന് മനസിലായില്ല.കരികിലപ്പിടച്ചികളുമായി വഴക്ക് കൂടിയില്ലെങ്കിൽ കാക്കകൾക്ക് ഉറക്കം കിട്ടില്ല എന്ന് തോന്നുന്നു,അവറ്റകളുടെ പിറകേ പോയതാവാനേ തരമുള്ളൂ.

പക്ഷികളുടെ കലപിലകൾ ഇല്ലാത്ത പറമ്പ്.പേരയുടെ ഉണങ്ങിയ കുറ്റിയിൽ ഇനി ഒരു തളിർപ്പിന്റെ ലക്ഷണമില്ല.അടുത്ത് അമ്മ നട്ട ലോലോലിക്കാ തൈ ആരോഗ്യത്തോടെ നിൽപ്പുണ്ട്.എന്നാലും പേരയും മൾബറിയും പോലാവില്ലല്ലോ ലോലോലിക്ക.

അയൽവക്കത്തെ പറമ്പിന്റെ കന്നി മൂലയിലെ സർപ്പക്കാവിൽ മേഘം തൊട്ടു നിന്നിരുന്ന രണ്ടു പാലകൾ നിലംപതിച്ചിരിക്കുന്നു.കുട്ടിക്കാലത്ത് പേടിയോടെയാണെങ്കിലും  പന്തെടുക്കാൻ  ഒരിക്കൽ ഉള്ളിൽ കടന്നപ്പോൾ കണ്ട തുമ്പികളും ശലഭങ്ങളും ചില ചെറു കിളികളും എങ്ങോട്ടോ പോയി.പേടിക്ക്‌ കാരണക്കാരിയായി പാലയിൽ അധിവസിച്ചിരുന്ന യക്ഷിക്കും സ്വന്തം ഇടം നഷ്ടമായി.

ചങ്ങനാശേരിയിൽ നിന്നും കൊണ്ട് വന്നു നട്ട ലോലോലിക്കാ തൈ ചെടിയായി,മരമായി.പക്ഷേ പൂത്തുമില്ല കായ്ചുമില്ല .പക്ഷികൾ വരാതായിട്ടു കാലങ്ങളായി.വൈകിട്ടത്തെ കേളി നിലമായി ഞങ്ങളുടെ പറമ്പിനെ കണ്ടിരുന്ന സുന്ദരി എന്ന പൂച്ചയും മക്കളും,സുന്ദരിയുടെ മക്കളുടെയും സുന്ദരിയുടെ തന്നെയും അച്ഛനായ സദാ ഗൗരവക്കാരനായ കണ്ടനും,പകൽ പറമ്പിൽ ചുറ്റുകയും രാത്രിയിൽ തട്ടിൻ പുറത്തു താമസിക്കുകയും അവിടെ നിർദാക്ഷണ്യം മൂത്രം ഒഴിക്കുകയും ചെയ്യുന്ന കീരി കുടുംബവും,എത്ര കീരികൾ ഉണ്ടെങ്കിലും ഇത് തന്റെ സ്ഥലമാണ് എന്ന അഹങ്കാരത്തോടെ കിണറ്റുകരയിൽ വെയിൽ കായാനെത്തുന്ന ചേരയുമാണ് ഇപ്പോൾ പറമ്പിലെ ജന്തു സാന്നിധ്യം.

ജനാല ചില്ലിലെ മുട്ടു കേട്ട് നോക്കിയപ്പോഴാണ് കണ്ടത്.
ഒരു കരികിലപ്പിടച്ചി.പണ്ട് ഇവിടം വിട്ടു പോയ ഏതോ ഒന്നിന്റെ പിൻഗാമിയാവാം.എന്തായാലും അത് ഒറ്റയ്ക്കല്ല.വേറെയും കലപിലകൾ കേൾക്കുന്നുണ്ട്.ഞാൻ മുറ്റത്തേക്കിറങ്ങി.ഒരു പറ്റം പക്ഷികൾ ലോലോലിക്കാ മരത്തിനു ചുവട്ടിൽ കൊത്തിപ്പെറുക്കുന്നു.തമ്മിൽ ഒച്ച വയ്ക്കുന്നു.ഞാൻ മരത്തിലേക്ക് നോക്കി.

ലോലോലിക്കകൾ.ആയിരം ലോലോലിക്കകൾ.

ചുവന്ന ബൾബുകൾ പോലെ ലോലോലിക്കകൾ.

പക്ഷികൾ ഇല്ലാത്ത പറമ്പിലെ  മനുഷ്യരും  തന്നെ ഉപേക്ഷിച്ചു എന്ന് മരത്തിനു തോന്നിയിരിക്കണം.അവൾ പൂത്തതും കായ്ച്ചതും ആരും അറിഞ്ഞില്ല.
അവളുടെ ചുറ്റും കലപിലകൾ കൂടി കൂടി വന്നു.കടിഞ്ഞൂൽ പെറ്റ മരം നാണം കൊണ്ടോ കായകളുടെ ഭാരം കൊണ്ടോ തല കുനിച്ചു നിന്നു.

Wednesday, January 30, 2013

പ്രകാശം പരക്കട്ടെ..







ഒരു കോടതി മുറി.

ജഡ്ജി : മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍  ശ്രീ ആഷിക്ക്‌ അബുവിന്‍ മേല്‍ നിങ്ങള്‍ ആരോപിക്കാന്‍ ശ്രമിക്കുന്ന കുറ്റം എന്താണ്??

പ്രോസിക്യൂട്ടര്‍ : യുവര്‍ ഓണര്‍..ഒരു ഫേസ് ബുക്ക്‌ കമന്റില്‍ ശ്രീ ആഷിക്ക്‌ അബു ,സംവിധായകന്‍ ശ്രീ വിനയനെ അപകീര്‍ത്തിപെടുത്തി എന്നതാണ് ആരോപണം.

ജഡ്ജി : ഏതു വിനയന്‍?

പ്രോസിക്യൂട്ടര്‍ : യുവര്‍ ഓണര്‍..വാസന്തിയും ലക്ഷ്മിയുംപിന്നെ ഞാനും,അത്ഭുതദ്വീപ്,ദാദ സാഹിബ് ,കരുമാടിക്കുട്ടന്‍,ഊമപ്പെണ്ണിനു ഉരിയാടാപയ്യന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ആളാണ്‌
ശ്രീ വിനയന്‍.

ജഡ്ജി : ഓ സംഘടനകളുമായും സൂപര്‍ സ്റ്റാറുകളുമായും ഉടക്കി നില്‍ക്കുന്ന കക്ഷി അല്ലെ...??

 പ്രോസിക്യൂട്ടര്‍ :  അതെ..യുവര്‍ ഓണര്‍..വിശ്വരൂപം എന്നാ കമല്‍ ഹാസ്സന്‍ ചിത്രം ശ്രീ ആഷിക്ക്‌ അബുവിനു ഇഷ്ടപ്പെട്ടില്ല ,ആ കമന്റിലേക്ക് ശ്രീ വിനയന്റെ പേര് വലിച്ചിഴച്ചു എന്നതാണ് കേസ് ..

ജഡ്ജി : ഡാഡി കൂള്‍ ,സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ 22fk ഡാ തടിയ തുടങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായന്‍ അല്ലെ ആഷിക് ,അത് കൊണ്ട് കേവലം ഒരു മസാല സംവിധായകനായ വിനയനെ പറ്റി ആഷിക്ക് തന്റെ കമന്റില്‍ പ്രതിപാദിച്ചതില്‍ തെറ്റുണ്ടോ..

പ്രോസിക്യൂട്ടര്‍ : യുവര്‍ ഓണര്‍,ഇവിടെ ആരാണ് മസാല അല്ലാത്തത്..?? ഡാഡി കൂള്‍ എന്ന ചിത്രം പാട്ടും
ഐറ്റം ഡാന്‍സും താര ജാടയും ഉള്ള ഒരു അസ്സല്‍ മസാല ചിത്രമാണെന്ന് അങ്ങേയ്ക്ക് കണ്ടു ബോധിക്കവുന്നതാണ്, dvd കോടതി മുന്‍പാകെ ഞാന്‍ സമര്‍പ്പിക്കുന്നു.

ജഡ്ജി : അതൊക്കെ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യമല്ലേ മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍ ?

പ്രോസിക്യൂട്ടര്‍ : ഒരു പൈങ്കിളി കഥ ലളിതമായ് പറഞ്ഞ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ആണ് ശ്രീ ആഷിക്കിനു ഇവിടെ ജനപ്രിയത നേടി കൊടുത്തത്.അത് ആരെയും എന്തും പറയാം എന്നുള്ള ലൈസെന്‍സ് അല്ല യുവര്‍ ഓണര്‍..

ജഡ്ജി :  22fk എന്ന ജനപ്രിയ നവയുഗ സിനിമ നിങ്ങള്‍ മറന്നോ??

പ്രോസിക്യൂട്ടര്‍ : ഇല്ല,യുവര്‍ ഓണര്‍.അന്തരിച്ച ശ്രീ പത്മരാജന്‍ 1982-ല്‍ ചെയ്ത 'നവംബറിന്റെ നഷ്ടം' എന്നാ ചിത്രത്തില്‍ ഇല്ലാത്ത എന്ത് നവയുഗ കഥാ തന്തു ആണ് 22fk എന്നാ ചിത്രത്തില്‍ ഉള്ളത്.??

ജഡ്ജി : എന്താണ് മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍ നിങ്ങള്‍ ഈ പറയുന്നത്..1982.ല്‍ ഇറങ്ങിയ സിനിമയുടെയും ഈ നവയുഗ അഥവാ ന്യൂ ജെനറെഷന്‍ സിനിമയുടെയും കഥ ഒന്നാണെന്നോ..അതൊക്കെ പോട്ടെ ഫീമെയില്‍  കോട്ടയത്തിന്റെ .ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സിനെ പറ്റി താങ്കള്‍ക്കു ഒന്നും പറയാന്‍ കാണില്ലല്ലോ..

പ്രോസിക്യൂട്ടര്‍ : എന്ത് ഞെട്ടല്‍ ആണ് യുവര്‍ ഓണര്‍...?? ഈ ' ചെത്തിക്കളയല്‍ ' സ്ത്രീക്ക് വേണ്ടി സ്ത്രീ എന്ന 1987ല് പുറത്തിറങ്ങിയ സിനിമയില്‍ വന്നിട്ടുള്ളതാണ്,നഖരം എന്ന മറ്റൊരു മലയാള സിനിമയിലും അത് വന്നിരുന്നു.cairo 687 എന്നാ വിദേശ ചിത്രത്തിലും സമാന രംഗങ്ങള്‍ ഉണ്ട്.

ജഡ്ജി :  അതൊക്കെ ഇരിക്കട്ടെ മി.പ്രോസിക്യൂട്ടര്‍ ഒരു തടിച്ച ആളെ നായകനാക്കി 'ഡാ തടിയാ ' എന്നാ വ്യത്യസ്ത ചിത്രം എടുത്തത് താങ്കള്‍ മറന്നുവോ?

പ്രോസിക്യൂട്ടര്‍ : ഒരു നിമിഷം സര്‍,താങ്കള്‍ ദിലീപ് നായകനായ ചക്കരമുത്ത് എന്ന ലോഹിതദാസ് ചിത്രം ഓര്‍ക്കുന്നുണ്ടാവും.അതിന്റെ കഥയും??

ജഡ്ജി : ഉണ്ട് മിസ്റ്റര്‍പ്രോസിക്യൂട്ടര്‍ :   ..പൊട്ടനായ നായകന്‍ സുന്ദരിയായ നായികയെ കുട്ടിക്കാലം മുതലേ സ്നേഹിക്കുന്നു,നായികയ്ക്ക് മറ്റൊരു സുമുഖ സുന്ദരനോട് പ്രേമം ,ഒടുവില്‍ സുന്ദരന്‍ വില്ലനാണെന്നും പൊട്ടനാണ്  നായകനെന്നും മനസിലാക്കുന്ന നായിക പൊട്ടന്റെ കൂടെ പോരുന്നു..ശുഭം...ഇതല്ലേ ചക്കരമുത്ത്..?

 പ്രോസിക്യൂട്ടര്‍ : അതെ യുവര്‍ ഓണര്‍..ആ ചക്കര 'പൊട്ട'നെ തടിയനാക്കിയതല്ലേ ഡാ തടിയാ ...അതില്‍ എന്താണ് വ്യത്യസ്തത..?

ജഡ്ജി : ഒരു തടിയനെ നായകനാക്കി സിനിമ പിടിക്കുക എന്നതല്ലേ ഏറ്റവും വലിയ വ്യത്യസ്തത..?

പ്രോസിക്യൂട്ടര്‍ :  യുവര്‍ ഓണര്‍..ഒരു തടിയനെ നായകനാക്കുന്നത് വ്യത്യസ്തത ആണെങ്കില്‍ ,100 ഓളം കൊച്ചു മനുഷ്യരെ വെച്ച് ഒരു മുഴുനീള ചിത്രം ചെയ്യുന്നതിനെ നമ്മള്‍ എന്ത് വിളിക്കണം ?  ടെക്നോളജി  ഒരുപാട്  വളര്‍ന്നിട്ടും ഇവിടെ ആകാശ ഗംഗ പോലൊരു ഹൊറര്‍ ചിത്രം  ഇറങ്ങിയിട്ടില്ല..അത് പോലെ ഇന്ദ്രജിത്ത്,ജയസൂര്യ,ഗിന്നസ് പക്രു  ,അനൂപ്‌ മേനോന്‍,ദിവ്യ ഉണ്ണി തുടങ്ങി ഒട്ടേറെ പേരെ മലയാള സിനിമയിലേക്ക് കൈ പിടിച്ചു നടത്തിയ ആളാണ്‌ ശ്രീ വിനയന്‍.

ജഡ്ജി :ok ok നിങ്ങള്‍ ഒരു വിനയന്‍ ഫാന്‍ ആണല്ലേ.?

പ്രോസിക്യൂട്ടര്‍ : എതിര്‍പ്പുകള്‍ക്കിടയിലും വര്‍ഷത്തില്‍ ഒരു സിനിമ എങ്കിലും ,അത് നല്ലതോ ചീത്തയോ, കേരളത്തില്‍ റിലീസ് ചെയ്യിക്കുന്ന വിനയനോടു ബഹുമാനം ഉണ്ട് സര്‍,അതിനു ഫാന്ഷിപ്പ് എന്ന് പേരിടാമോ എന്നറിയില്ല.തന്റെ പ്രീയപ്പെട്ട സൂപര്‍ താരത്തിന്റെ 12 തല്ലിപൊളി സിനിമകള്‍ ഇറങ്ങിയിട്ടും,ഒരു മോശം കമന്റ്‌ ,ഒരു സിനിമയെ പറ്റി പോലും പറയാതെ ,കമല്‍ ഹാസനെയും വിനയനെയും ഒക്കെ വിമര്‍ശിക്കുമ്പോള്‍ രക്തം തിളയ്ക്കും യുവര്‍ ഓണര്‍..എതിര്‍പ്പുകളെ മറി കടന്നു തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു സിനിമകള്‍ റിലീസ് ചെയ്യിക്കുന്നത് തന്നെ ആണ് ആണത്തം എന്ന് പറഞ്ഞു കൊണ്ട് എന്റെ വാദം ഞാന്‍ അവസാനിപ്പിക്കുന്നു.
വിധി
ശ്രീ ആഷിഖ് അബുവിന്റെ ജനപ്രിയതയും സൂപര്‍ താരത്തിന്റെ സപ്പോര്‍ട്ടും മാനിച്ച് അദ്ദേഹത്തെ ഈ കോടതി കുറ്റ വിമുക്തന്‍ ആക്കുന്നു.സിനിമാക്കാര്‍ തമ്മിലുള്ള ചേരി പോരും വഴക്കും അവസാനിപ്പിക്കുകയും  70ഉം 100ഉം 120ഉം രൂപ വരെ കൊടുത്ത് സിനിമ കാണുന്ന പാവം മലയാളി പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന  സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തുകയും വേണമെന്ന് ഇതിനാല്‍ കോടതി ഉത്തരവാകുന്നു.നല്ല സിനിമകളുടെ പൂക്കാലം മലയാളത്തിലേക്ക് വീണ്ടും വരട്ടെ എന്ന് കോടതി ആശംസിക്കുന്നു.
പ്രകാശം പരക്കട്ടെ..

Tuesday, January 8, 2013

നുണക്കഥ




ജീവിതത്തെ ഏറ്റവും രസകരമായ അനുഭവമാക്കി തീര്‍ക്കുന്നത് സുഹൃത്തുക്കള്‍ തന്നെയാണ്.വ്യത്യസ്ത സ്വഭാവമുള്ള,വ്യത്യസ്ത തലങ്ങളില്‍ ചിന്തിക്കുന്ന ,വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന  വ്യത്യസ്തരായ ഒരുപാട് സുഹൃത്തുക്കളാല്‍ ധന്യമാണ് നമ്മുടെയൊക്കെ ജീവിതം.ആ സുഹൃത്ത് ചങ്ങലയുടെ കണ്ണികളില്‍ ഒരാളായ ജിജോയെ ഇന്നലെ കണ്ടപ്പോള്‍ മനസിലേക്ക് കടന്നു വന്ന ചില ഓര്‍മകളാണ്  ഈ കുറിപ്പിനാധാരം..

ജിജോ ആളല്‍പ്പം കറുത്തിട്ടാണ്.ശബ്ദത്തിനാകട്ടെ അല്‍പ്പം 'പെണ്ണിഷ്‌നെസ് '-ഉം ഉണ്ട്.ഈ പറഞ്ഞ രണ്ടു കാര്യങ്ങളും അവന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.അങ്ങനെ ചെറിയ ചില കൊമ്പ്ലെക്സുകളും അല്‍പ്പം അസൂയയും ഒക്കെ ഉണ്ടെങ്കിലും ജിജോ നിരുപദ്രവകാരിയാണ്.അവന്റെ കൊമ്പ്ലെക്സുകള്‍ മായ്ക്കാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരുപാട് പയറ്റിയിട്ടുന്ടെങ്കിലും അവയൊന്നും ഫലപ്രദമായിരുന്നില്ല.

ഞാന്‍ തൊടുപുഴയില്‍ പഠിക്കാന്‍ ചേര്‍ന്നത്തോടെ  പഴയ ചില സുഹൃത്തുക്കളുമായുള്ള ബന്ധം അല്‍പ്പാല്‍പ്പമായി മുറിഞ്ഞു തുടങ്ങി,കൂട്ടത്തില്‍ ജിജോയും എപ്പോഴോ വിസ്മൃതിയില്‍ ആണ്ടു പോയി.കോട്ടയത്തെ ഒരു എന്ജിനീയറിങ്ങ് കോളേജില്‍ ചേര്‍ന്നു എന്നതൊഴിച്ചാല്‍ ജിജോയെ പറ്റി മറ്റൊരു വിവരവും എനിക്ക് അറിയാമായിരുന്നില്ല.
ഒരിക്കല്‍ ജിജോ പഠിക്കുന്ന കോളേജില്‍ ഒരു കള്‍ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി.അതില്‍ പങ്കെടുക്കാന്‍ പോയ ഞങ്ങളുടെ കോളേജ് ടീമില്‍ ഞാനും അംഗമായിരുന്നു.കള്‍ചറല്‍ ഫെസ്റ്റ് എന്നതിലുപരി കൂടെ ഉണ്ടായിരുന്ന സുന്ദരിമാരുടെ കൂടെ കോട്ടയം വരെ ഒരു യാത്ര ,ഒത്താല്‍ ഒരേ സീറ്റില്‍ അടുത്തടുത്തിരുന്നു തന്നെ തരപ്പെടുത്തുക എന്നതായിരുന്നു ടീമില്‍ ഉണ്ടായിരുന്ന മറ്റു ആണ്‍ക്കുട്ടികളെ പോലെ എന്റെയും ഉദ്ദേശം.ഏതായാലും എന്നെ ഭാഗ്യ ദേവത കടാക്ഷിക്കുക ഉണ്ടായില്ല.
കോളേജില്‍ ചെന്നപ്പോള്‍ ജിജോയെ  ദൂരെ നിന്നെ കണ്ട ഞാന്‍ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായ കുട്ടിയുടെ കൂടെ കേറി അങ്ങ് നടന്നു.ഭയങ്കര അടുപ്പമുള്ള പോലെ സംസാരം തുടങ്ങുകേം ചെയ്തു.സ്വതവേ അല്‍പ്പം അസൂയ ഉള്ള ജിജോ എന്റെ ആ 'ഭാഗ്യ'ത്തില്‍ നീറി നീറി പുകയുമെന്ന് ഉറപ്പ്.നടക്കുന്നതിനിടയില്‍  ഇടങ്കണ്ണിട്ടു ഞാന്‍ ജിജോയെ നോക്കുന്നുണ്ടായിരുന്നു.അവന്‍ ഞങ്ങളെ ശ്രദ്ധിക്കാതെ ഫെസ്റ്റിവലിനു വേണ്ടി ഓടി നടക്കുകയാണ്.
ഛെ...ഇവന്‍ ഒരു തവണ ഒന്ന് നോക്കിയിരുന്നെങ്കില്‍..ഞാന്‍ ആകെ നിരാശനായി..
പക്ഷേ ..അടുത്ത നിമിഷം...അതാ അവന്‍ ഞങ്ങളെ കണ്ടു കഴിഞ്ഞു.
ഞാന്‍ പെട്ടെന്ന് സുന്ദരിയുമായുള്ള സംസാരത്തില്‍ മുഴുകി.അവന്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.ആ കുട്ടിയേം എന്നേം കണ്ടു അവന്റെ കണ്ണ് അല്‍പ്പം തള്ളിയിട്ടുണ്ട്.
എന്റെ പദ്ധതി ഏറ്റതില്‍ അല്പ്പം സന്തോഷമൊക്കെ തോന്നി.

''ഡാ...ബിലഹരി...എന്തുണ്ട് വിശേഷം...''

''അയ്യോ...ഡാ...ജിജോ...നീ ഈ കോളേജില്‍ ആണോ..ഞാന്‍ അറിഞ്ഞതേയില്ല...'' ഞാന്‍ പ്രതിവചിച്ചു.
ഞാന്‍ ഇത് പറയുമ്പോഴും ജിജോയുടെ നോട്ടം സുന്ദരിയുടെ മേല്‍ ആണെന്ന് എനിക്ക് മനസിലായി,ഞാന്‍ അവനെ സുന്ദരിക്കും,സുന്ദരിയെ തിരിച്ചും പരിചയപ്പെടുത്തി.
അവളെ അവനു പരിചയപ്പെടുത്തിയപ്പോള്‍,അവള്‍ പാടുമെന്നും ഡാന്‍സ് ചെയ്യുമെന്നും ഒക്കെ തട്ടി വിട്ടത് നിമിത്തം അവളുടെ മുഖത്തു വിനയതിന്റെതായ ഒരു നാണം വന്നു തുളുംബിയത് ഞാന്‍ ശ്രദ്ധിച്ചു.ആ നാണത്തെ ജിജോ ഏത് അര്‍ഥത്തില്‍ ആവും എടുക്കുക എന്നുള്ളത് എന്നെ അല്‍പ്പം ഒന്നുമല്ല ആഹ്ലാദിപ്പിച്ചത് .
അളിയാ കാണാം എന്ന് പറഞ്ഞു ജിജോ തന്റേതായ തിരക്കുകളിലേക്ക് കൂപ്പു കുത്തി.അവന്റെ കണ്‍വെട്ടത്ത് നിന്ന് മാറിയ ഉടനെ സുന്ദരിയെ അവളുടെ  പാട്ടിനു വിടുകയും ചെയ്തു.

ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് കറങ്ങി നടക്കുന്നതിനിടെ വീണ്ടും ജിജോയുടെ മുന്‍പില്‍ പോയി ചാടി.അവന്‍ എന്നെ നോക്കി ചിരിച്ച ആ ചിരി ഇപ്പോഴും മായാതെ മനസിലുണ്ട്.

''എങ്ങനെ ഒപ്പിച്ചു അളിയാ'' ജിജോ ചോദിച്ചു.

'' എന്ത് ?? ''   ഞാന്‍ ഒന്നും അറിയാത്തത് പോലെ തന്നെ നിന്നു.

''അതിനെ നീ എങ്ങനെ ഒപ്പിച്ചു എന്ന് ''

സംഗതി ഏറ്റു ,ഞാന്‍ ഉറപ്പിച്ചു.

''നീ തെളിച്ചു പറയെടാ ജിജോ,ആളെ വടിയാക്കാതെ..'' ഞാന്‍ ഒട്ടും വിട്ടു കൊടുത്തില്ല.

ഞാന്‍ പ്രതീക്ഷിച്ചതിലും ഒരു പടി കൂടി കടന്നാണ് ജിജോ ചിന്തിച്ചത് .

''ആ പെണ്ണ്,അത് നിന്റെ കുറ്റി അല്ലേടാ...?? '' ജിജോ ഒരു കള്ള ചിരിയോടു കൂടി ചോദിച്ചു...

കുറ്റിയോ ...എനിക്ക് ചിരി വന്നു...

  ''നമ്മളോട്  നീ  സമ്മതിക്കില്ല അല്ലേഡാ ... '' ജിജോയുടെ സ്വരം അല്‍പ്പം മാറി.

''ഏയ്‌ ...നീ എന്താ ഈ പറയുന്നേ..അങ്ങനെ ഒന്നുമില്ല..'' ഞാന്‍ തീര്‍ത്തു പറഞ്ഞു.

പക്ഷേ ഞാന്‍ പറഞ്ഞത് ജിജോ വിശ്വസിച്ചില്ല.അവളെ എന്റെ 'കുറ്റി ' ആക്കാതെ അവന്‍ അടങ്ങില്ല എന്ന അവസ്ഥ.സുന്ദരിയോട്‌  പോയി ചോദിക്കുമെന്ന് പറഞ്ഞതോട് കൂടി ഞാന്‍ സകല ദൈവങ്ങളെയും വിളിച്ചു പോയി.ഇന്ന് അവളുടെ മുന്നില്‍ നാണംകെട്ടതു  തന്നെ.ഞാന്‍ കരഞ്ഞു കാലു പിടിച്ചിട്ടും അവന്‍ അവളോടു  ചോദിച്ചേ അടങ്ങു എന്നായി.
വെളുക്കാന്‍ തേച്ചത് പാണ്ടാകാന്‍ പോകുന്നു.ജിജോ എങ്ങാനും അവളോടു ആ രീതിയില്‍ സംസാരിച്ചാല്‍ പിന്നെ അവളുടെ മുഖത്ത് എങ്ങനെ നോക്കും.

ഛെ..ഒന്നും വേണ്ടായിരുന്നു.

ഏതായാലും അവന്‍ കാണുന്നതിനു മുന്‍പേ സുന്ദരിയെ കാണാന്‍ ഞാന്‍ തീരുമാനിച്ചു.തിരക്കിനിടയില്‍ ഒരു വിധത്തില്‍ അവളെ കണ്ടെത്തി ഞാന്‍ പറഞ്ഞു.
''എന്റെ ആ ഫ്രണ്ട് ഇല്ലേ,ജിജോ..അവന്‍ food കമ്മിറ്റിയില്‍ ഉള്ള ആളാണ്‌.അവന്‍ നമുക്ക് രണ്ടു പേര്‍ക്കും ഉച്ചയ്ക്ക് ഭക്ഷണം ഫ്രീ ആയി ഒപ്പിച്ചു തരാമെന്നു പറഞ്ഞിട്ടുണ്ട്,അവന്‍ വന്നു ചോദിച്ചാല്‍ എന്റെ ആളാണെന്നു പറഞ്ഞേക്കണം.''

''നിന്റെ ആളോ '' സുന്ദരി ഒന്ന് സംശയിച്ചു.

''എന്റെ ആള്‍ എന്ന് വെച്ചാല്‍ എന്റെ കൂടെ വന്ന ആള്‍...ok ...??? '' ആ പണി ഏറ്റില്ല.

''അങ്ങനെ ആണേല്‍ ഇവള്‍ക്ക് കൂടി ഒപ്പിച്ചു കൊടുക്കാന്‍ പറ്റുമൊ '' അടുത്ത് നില്‍ക്കുന്ന മറ്റൊരു കുട്ടിയെ ചൂണ്ടി സുന്ദരി ചോദിച്ചു.

സംഗതി കയ്യില്‍ നിന്ന് പോയി.വരുന്നത് വരട്ടെ.
നോക്കാം എന്ന് പറഞ്ഞു ഞാന്‍ വേഗം സ്ഥലം വിട്ടു.
പിന്നീട് ജിജോ സുന്ദരിയുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടാണ് ഞാനും ചെന്നത്.

''ഞാനും,ദെ ആ നിക്കുന്ന കുട്ടിയും ബിലയുടെ ആള്‍ക്കാരാ'' ജിജോ എന്തേലും ചോദിക്കുന്നതിനു മുന്‍പേ തന്റെ കൂട്ടുകാരിയെ ചൂണ്ടി സുന്ദരി പറഞ്ഞു.

ഒന്നിന് പകരം രണ്ടോ.ജിജോ ഒന്ന് ഞെട്ടി.

''കുട്ടിയുടെ കാര്യം ആ കുട്ടിക്കറിയാമോ '' ജിജോ സുന്ദരിയോട് ചോദിച്ചു.

''അവളുടെ കാര്യം എനിക്കും അറിയാം ,എന്റെ കാര്യം അവള്‍ക്കും ..ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സ് ആണ്,ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വേണം..അതപ്പോഴേ ബിലയോട് പറയുകയും ചെയ്തു.''

സുന്ദരിയുടെ ഇ ഡയലോഗ് കേട്ടതോടു കൂടി ജിജോ ഇപ്പൊ ബോധം കേട്ട് വീണേക്കുമെന്നു പോലും എനിക്ക് തോന്നി.അവന്‍ പിന്നെ അവിടെ നിന്നില്ല.
കുറച്ചു കഴിഞ്ഞു ജിജോ എന്റെ അടുത്തേക്ക് വീണ്ടും വന്നു.
''എന്നാലും...അവന്റെ ഒരു  പൊട്ടന്‍ കളി...നിന്നെ സമ്മതിച്ചിരിക്കുന്നു...രണ്ടു പേര്‍,അതും അടുത്ത സുഹൃത്തുക്കള്‍..ബിലഹരി എന്ന് തികച്ചു വിളിക്കുന്നില്ലല്ലോ..അവള്‍ടെ ഒരു ബില..''

ബില എന്നത് കോളേജില്‍ എല്ലാരും വിളിക്കുന്ന പേരാണെന്ന് പറഞ്ഞിട്ടും അവന്‍ വിശ്വസിച്ചില്ല.എന്നെ കൊണ്ട് ചെലവു ചെയ്യിപ്പിച്ചേ അവന്‍ വിട്ടുള്ളൂ.

ഏതായാലും സുന്ദരിക്കും കൂട്ടുകാരിക്കും അന്ന് ഊണ് കിട്ടിയില്ല..ജിജോയ്ക്ക് ഉറക്കവും..




പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...