Thursday, January 20, 2011

പാഠം ഒന്ന് : ഒരു വിലാപം .

ആദ്യത്തെ പോസ്റ്റ്‌ എന്താവണം എന്തിനെ കുറിച്ചാവണം എന്ന് തല പുകയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി..എന്തിനും  ഒരു നല്ല തുടക്കം അനിവാര്യമാണല്ലോ..ഒരു തുടക്കത്തിനു വേണ്ടിയുള്ള എന്‍റെ അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് എന്‍റെ ആദ്യത്തെ സ്കൂളിന്റെ മുറ്റത്താണ്..

St ' Paul 's ഇംഗ്ലീഷ് മീഡിയം സ്കൂള്‍.
1992 ഒരു ജൂണ്‍ മാസം...
മകന്‍ ആംഗല വിദ്യാഭ്യാസം സിദ്ധികേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ദീര്‍ഘവീക്ഷണരായ മാതാപിതാക്കള്‍ എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ലാണ്  ചേര്‍ത്തത് എന്നിനി പ്രത്യേകം പറയേണ്ടതില്ലല്ലോ .. എന്റെ സ്കൂള്‍  അന്ന് അതിന്റെ ശൈശവദശയിലായിരുന്നു .
St ' Paul 's പള്ളിയോട് ചേര്‍ന്ന് നില്ക്കുന്ന,ഓരോ നില വീതമുള്ള മൂന്ന് കെട്ടിടങ്ങള്‍ ..നാലാം തരം വരെ മാത്രമുള്ള ഒരു കുഞ്ഞു സ്കൂള്‍ ..

ചിറ്റ(അമ്മയുടെ അനുജത്തി ) യാണ് എന്നെ ആദ്യ ദിവസം സ്കൂളില്‍ കൊണ്ട് വിട്ടത് ..ചിറ്റയുടെ വിരലില്‍ തൂങ്ങി സ്കൂള്‍ പടി ചവിട്ടിയ എന്നെ എതിരേറ്റത് ഒരു കൂട്ടം കരച്ചില്‍ ശബ്ദങ്ങളാണ് ..
 എന്തിനാ ഇവന്മാരും ഇവളുംമാരും കരയുന്നത് എന്ന് തനിയെ മനസിലാക്കാനുള്ള ബുദ്ധി അന്നെനിക്കുണ്ടായിരുന്നില്ല.

തൊട്ടടുത്ത ഫ്രെയിമില്‍ ഞാനും ചിറ്റയും സാലി ടീച്ചറും (എനിക്ക്  ഏറ്റവും പ്രീയപെട്ട ടീച്ചര്‍മാരില്‍ ഒരാള്‍) മാത്രം .എന്റെ കുഞ്ഞു കൈ ചിറ്റ ടീച്ചറിന്റെ കൈയില്‍ വച്ച് കൊടുത്തു .

"എന്താ പേര് ?" ടീച്ചര്‍ ചോദിച്ചു .
ഞാന്‍ വല്ലാത്തൊരു അസ്വസ്ഥതയോടെ ചിറ്റയുടെ മുഖത്തേക് നോക്കി .

"ടീച്ചറിനോട് പേര് പറയു " ചിറ്റ പറഞ്ഞു.
ഓഹോ ചിറ്റയും ടീച്ചറിന്റെ സൈഡ് ആണോ..? ഞാന്‍ മിണ്ടാതെ നിന്നു.

"എങ്കില്‍ ശരി.പൊക്കോള്ളൂ.ഉച്ചയ്ക്ക് എത്തിയാല്‍ മതി " ടീച്ചര്‍ പറഞ്ഞു.

ടീച്ചര്‍ കൈ വിടാതെ എങ്ങനെയാ പോകുന്നെ എന്ന് ചോദിക്കണം എന്നുണ്ടാരുന്നു.എങ്കിലും നാവ് മരവിച്ചിരുന്നതിനാല്‍ ചോദിച്ചില്ല.

"റ്റാ റ്റാ " ചിരിച്ചു കൊണ്ട് ചിറ്റ കൈ വീശി.

റ്റാ റ്റാ-യോ.എന്തിന്. ചിറ്റ പോവണോ.... അതും എന്നെ കൂട്ടാതെ ? ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ തളം കെട്ടി കിടന്നു.ടീച്ചറിന്റെ  പിടി അയയുന്നുമില്ല.

രണ്ടു ചുവടു വച്ചതിനു ശേഷം ചിറ്റ തിരിഞ്ഞു നോക്കി.

ഹോ.. സമാധാനമായി.ഇപോ വിളിക്കുമായിരിക്കും. കൈ വിട്..

"റ്റാ റ്റാ " ചിറ്റ വീണ്ടും കൈ വീശി.

ചിറ്റ തിരിഞ്ഞു നടക്കുകയാണ്.എന്നെ വിളിക്കുന്നില്ല .

"അപ്പോള്‍ എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാന്‍ പോവാ  അല്ലെ...? ഇത് ഞാന്‍ അമ്മയോടും അച്ഛനോടും പറയൂല്ലോ..അവര്‍ ചിറ്റയെ ഇരുട്ടത്തൂട്ടി വെളിച്ചത്തു കിടത്തൂല്ലോ ?" 
അഞ്ചോ ആറോ അടി കുടി വച്ച് കാണും .ചിറ്റ വീണ്ടും തിരിഞ്ഞു നോക്കി.
പക്ഷെ വളരെ അവ്യക്തമായെ എനിക്ക് ആ കാഴ്ച കാണാമായിരുന്നുള്ളൂ .എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.

എന്തിനാ ഇവന്മാരും ഇവളുംമാരും കരയുന്നത്  എന്ന ഞാന്‍ ചോദിക്കാത്ത ചോദ്യത്തിനുള്ള ഉത്തരമാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാനുള്ള ബുദ്ധിയും അന്നെനിക്ക് അന്യമായിരുന്നു.
"നിനക്കും അങ്ങനെ തന്നെ വരണമെടാ" എന്ന്  എന്റെ ആദ്യത്തെ ക്ലാസ്സ്‌മെയിററ്സ് ഒരു പക്ഷെ അന്ന് ചിന്തിച്ചു കാണണം.

ക്രമേണ എന്റെ കരച്ചിലിന്റെ വോളിയം കൂടിയെന്നും അത്  നിലവിളി ആയി പരിണമിച്ചു എന്നും പിന്നീട് ഒരിക്കല്‍   സാലി ടീച്ചര്‍  പറഞ്ഞു  ഞാന്‍ അറിഞ്ഞു .
എങ്കിലും എന്റെ ഓര്‍മയിലുള്ള ഒരു കാര്യം കുടി രേഖപ്പെടുത്തട്ടെ...
കരച്ചില്‍ അടങ്ങിയ ശേഷവും കലങ്ങിയ മിഴികളുമായി ക്ലാസ്സ്‌ റൂമിന്റെ ഗ്രില്ലിട്ട ജനാലയില്‍ കൂടി വളരെ നേരം ഞാന്‍ പുറത്തേക്ക് നോക്കി നിന്നിരുന്നു .
  " ചിറ്റ വരുന്നുണ്ടോ?"

5 comments:

 1. da....its a good starting....-sajith

  ReplyDelete
 2. kollam bileee,

  bhavukangal, expecting more

  ReplyDelete
 3. Hai Vinoos,

  Nalla thudakkam, carry on.......

  ReplyDelete
 4. bila... discuss ur ideas over here..!!

  hmmm, yeah as smith said, more is expected from yu..!!
  anyways gud start and get going..!!

  ReplyDelete
 5. bila kallikittunde tto...whenever u make a post, make it a habit to include ur natural humour in tat....

  ReplyDelete