Wednesday, January 26, 2011

കുട്ടേട്ടന്‍


സുഹൃത്തുക്കളേ...
ഇതെന്‍റെ കഥയല്ല..എനിക്കിതില്‍ ഒരു 'ഗസ്റ്റ് അപ്പിയറന്‍സ് ' പോലുമില്ല..നാട്ടില്‍ പറഞ്ഞു പഴകിയ,
പറഞ്ഞു കേട്ട ഒരു കഥയാണ്‌ .
കുട്ടേട്ടന്‍റെ കഥയാണ്.
കുട്ടേട്ടന്‍ ഒരു നാട്ടുപ്രമാണിയാണ്‌.ഒരു റിട്ടയേര്‍ഡ്‌ ഹെഡ് കോണ്‍സ്റ്റബിള്‍..നാട്ടിലെ എല്ലാ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മുന്‍പില്‍ തന്നെ ഉണ്ടാവും.
 ദുശ്ശീലങ്ങള്‍ ഒന്നും തന്നെയില്ല.അതുകൊണ്ടൊക്കെ തന്നെ അദ്ദേഹം ജനപ്രിയനുമാണ്.

കുട്ടേട്ടന്‍ സര്‍വീസില്‍ ഇരുന്നപോഴുണ്ടായ ഒരു സംഭവമാണ് .

കുട്ടേട്ടന് ദുശ്ശീലങ്ങള്‍ ഒന്നുമില്ല എന്ന് പറഞ്ഞല്ലോ.പക്ഷേ ആകെ ഉള്ള ഒരു കുഴപ്പം എന്തിനും കയറി പന്തായം വച്ച് കളയും എന്നതാണ്.മേലാപ്പീസര്‍മരോട് വരെ കുട്ടേട്ടന്‍ പന്തായം കെട്ടാറുണ്ട്.പന്തായം കെട്ടിയാല്‍ വിജയവും കുട്ടേട്ടന്റെ ഒപ്പമാവും.,അത് കാലാകാലങ്ങളായി വിജയത്തിന്‍റെ ഒരു ശീലമാണ്.
ഈ പന്തായം കെട്ടല്‍ മാറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി പരാജയം അടഞ്ഞവരാണ് സഹപവര്‍ത്തകര്‍.

കുട്ടേട്ടന്‍റെ സ്റ്റേഷന്‍.ലെ S .I .ക്ക് 6 പെണ്‍മക്കളാണ് .ഏഴാമതെത് എങ്കിലും ആണാവാന്‍  പ്രാര്‍ഥിച്ചു കഴിയുന്ന ഒരു പാവം മനുഷ്യന്‍.പക്ഷേ ഇത്തവണയും ദൈവം ചതിച്ചു.പെണ്‍കുട്ടി .
പിന്നീടാണ് S .I അറിയുന്നത് ചതിച്ചത് ദൈവമല്ല.കുട്ടേട്ടനാണ്.കുട്ടേട്ടന്‍ സ്റ്റേഷന്‍.ലെ പാറാവുകാരനോട് ബെറ്റ് വച്ചിരുന്നത്രെ S .I സാറിനു ഇത്തവണയും പെണ്‍കുഞ്ഞാവുമെന്ന്.
 കുട്ടേട്ടന്‍ ബെറ്റ് വച്ചത്കൊണ്ട് മാത്രമാണ് ഇത്തവണ പെണ്‍കുഞ്ഞായത് എന്നുറച്ചു വിശ്വസിച്ചു കലി പൂണ്ട S .I കുട്ടേട്ടനെ സ്ഥലം മാറ്റിച്ചു.അതും ഏതോ 'ഗോകര്‍ണ'ത്തേക്ക്.

"ഇവിടുത്തെ പോലെ അവിടെയും കണ്ടതിനെല്ലാം കേറി പന്തായം വച്ച് കളയരുത്.അതിനു വേണ്ടിയാണ് നിന്നെ മാറ്റുന്നത്." യാത്ര അയച്ചപ്പോള്‍ S .I ഗുണദോഷിച്ചു.ഒപ്പം ഒരു കത്തും കൊടുത്തു.

സ്ഥലം മാറി ചെന്നപ്പോള്‍ അവിടുത്തെ S .I കുട്ടേട്ടന്റെ കയ്യില്‍ കൊടുത്തു വിട്ടിരുന്ന കത്ത് വായിച്ച ശേഷം ചോദിച്ചു
"അപ്പോള്‍ താന്‍ വലിയ പന്തായക്കാരന്‍ ആണല്ലേ "

"അത് സാര്‍...അതെന്റെ ഒരു ഹോബിയാണ്  സാര്‍.." കുട്ടേട്ടന്‍ പറഞ്ഞു.

"ഓഹോ " 

"അതെ സാര്‍..ജയിക്കുമെന്ന് കണ്ടാല്‍ ഞാന്‍ ഉറപ്പായും  ബെറ്റ് വയ്ക്കും സാര്‍..ഉദാഹരണത്തിന് സാറിന്റെ പുറത്തൊരു വലിയ മറുകുണ്ടെന്നു  ഞാന്‍ പറയുന്നു "

"എന്ത്...എന്റെ പുറത്തു മറുകോ ???"

"അതെ...ഒരു വലിയ  മറുക് "

"വാട്ട് എ നോണ്‍സെന്‍സ് ???"

"ഒരു കറുത്ത വൃത്തികെട്ട മറുക്...അത് രഹസ്യമാണെന്നും എനിക്കറിയാം സാര്‍ "

"എന്റെ പുറത്ത് അങ്ങനെ ഒരു  മറുകില്ല"

"മറുകുണ്ടെന്നു ഞാന്‍ 100 രൂപ ബെറ്റ് വയ്ക്കുന്നു സാര്‍ "

കലി കയറിയ S .I ഷര്‍ട്ട് ഊരിയിട്ട് പുറം തിരിഞ്ഞു നിന്ന് കാണിച്ച കൊടുത്തു.
 "നിന്നെ ഞാന്‍ ഒരു പാഠം പഠിപ്പിക്കുന്നുണ്ട് ..നോക്കെടാ.. ________ മോനെ ..എവിടാടാ  നിന്റെ_______ മറുക് ???"

"ഒള്ളതാ സാറേ... സാറിന്റെ പുറത്ത് മറുകില്ല,പക്ഷേ ഇവിടെ വന്നാലുടന്‍ സാറിന്‍റെ ഉടുപ്പൂരിക്കുമെന്നു അവിടുത്തെ S .I .യോട് 500 രൂപ  ബെറ്റ് വച്ചിട്ടാ ഞാന്‍ വന്നിരിക്കുന്നത് .അതീന്നു 100 സാറിനും 400 എനിക്കും "
_________________________________________________________________________

ഒരിക്കല്‍ കുട്ടേട്ടന്‍ പറഞ്ഞു "ഇത് അസൂയക്കാര്‍ പറഞ്ഞു പരത്തിയ കഥയാ പിള്ളേരേ..അങ്ങനൊന്നും നടന്നിട്ടേയില്ല..അവന്മാരെ ഞാന്‍ വെല്ലുവിളിക്കുന്നു.. ഇത് സത്യമാണെന്ന് തെളിഞ്ഞാല്‍ 500 രൂപ ..പന്തായം"

ഇന്ന്  പന്തായം വയ്ക്കാന്‍ ഞങ്ങളുടെ കുട്ടേട്ടനില്ല.കുട്ടേട്ടന്‍ ഓര്‍മയായിട്ട് ഈ ജനുവരിയില്‍  ഒരു വര്‍ഷം തികയുന്നു.ആ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു..


Friday, January 21, 2011

അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍


"അരുണ്‍ ബാബു "

"present ടീച്ചര്‍ "

"അരുണ്‍ ഷാജി "

"present ടീച്ചര്‍ "

ഇനി താഴേക്കുള്ള ഹാജര്‍ നില പരിശോധിക്കേണ്ട ആവശ്യം തല്ക്കാലം നമുക്കില്ല.കാരണം നമ്മുടെ 'കഥാനായകര്‍' ഇവിടെ ഹാജരുണ്ട്.അരുണ്‍ ബാബുവും അരുണ്‍ ഷാജിയും.ദൈവം സഹായിച്ച് L.P ക്ലാസുകളില്‍ ഇവരുടെ കൂടെ ഇരുന്നു പഠിക്കാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ട്.

ക്രിക്കറ്റിനു ജീവശ്വാസത്തെക്കാളും വില കല്പിച്ചിരുന്ന കാലമായിരുന്നു  അത്.സ്കൂളില്‍ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അനുവാദം ഇല്ലാതിരുന്നിട്ട് കൂടി എതിര്‍പ്പുകള്‍ അവഗണിച്ച്‌ ഞങ്ങള്‍ കളിച്ചിരുന്നു.

എപ്പോഴത്തെയും പോലെ  ആ lunch break നും ഞങ്ങളുടെ സംസാര വിഷയം ക്രിക്കറ്റ്‌ തന്നെ ആയിരുന്നു. പെട്ടെന്നാണ് ഞങ്ങളെ എല്ലെവരെയും ഞെട്ടിച്ചു കൊണ്ട് അരുണ്‍ ബാബു ആ സത്യം( നുണ ) പുറത്ത് വിട്ടത്. "എന്റെ വീട്ടില്‍ bowling machine ഉണ്ട് "
"bowling മെഷീന്‍...!!! ?"
"അതെ " അരുണ്‍ ബാബു പറഞ്ഞു തുടങ്ങി.
ഒരു ബോള്‍ വാങ്ങാന്‍ പോലും പൈസ ഇല്ലാതെ പേപ്പര്‍ ചുരുട്ടി പന്തുണ്ടാക്കി കളിച്ചിരുന്ന ഞങ്ങള്‍ക്ക് അത്ഭുതതമല്ല അസൂയയാണ് തോന്നിയത് എന്ന് പറഞ്ഞാലും തെറ്റില്ല. സ്വിച്ച് അമര്‍ത്തുമ്പോള്‍ ഫാസ്റ്റ് ബോള്‍,ലെഗ് സ്പിന്‍,ഓഫ്‌ സ്പിന്‍,.മീഡിയം, എന്നിങ്ങനെ മാറി മാറി എറിഞ്ഞു തരുന്ന മെഷീന്‍.നെ കുറിച്ച് അരുണ്‍ ബാബു വാചാലനായി.
ഇത് കേട്ട് (സഹിക്കാനാവാതെ) അരുണ്‍ ഷാജി ഇങ്ങനെ പറഞ്ഞു തുടങ്ങി "എന്റെ ചേട്ടന്റെ കൈയില്‍ 2 പേപ്പറുകള്‍ ഉണ്ട്.ഒരെണ്ണം ഒപ്പിട്ടു കൊടുത്താല്‍ ചേട്ടനെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ എടുക്കും,മറ്റേതില്‍ ഒപ്പിട്ടു കൊടുത്താല്‍ ഫുട് ബോള്‍ ടീമില്‍ എടുക്കും "
അരുണ്‍ ബാബു തന്ന ഞെട്ടലില്‍ നിന്ന് ഇനിയും മോചിതരാവാത്ത ഞങ്ങള്‍ അരുണ്‍ ഷാജിയുടെ ഈ   സത്യം(നുണ ) കൂടി കേട്ടപ്പോള്‍ വാ പൊളിച്ചു പോയി.
ചേട്ടനെ ഫുട് ബോള്‍ ടീമില്‍ കയറ്റിയിട്ട് തനിക്ക് ക്രിക്കറ്റ്‌ ടീമില്‍ കയറണം എന്ന ആഗ്രഹവും അവന്‍ മറച്ചു വച്ചില്ല.
"അത് പോലെ ഒരു പേപ്പര്‍ ഞങ്ങള്‍ക്ക് കൂടി ഒപ്പിച്ചു തരുമോ ?" ഞങ്ങള്‍ ഒരേ സ്വരത്തില്‍ അരുണ്‍ ഷാജിയോട് ചോദിച്ചു.പക്ഷെ അവന്റെ മറുപടി ഞങ്ങളെ നിരാശപ്പെടുത്തി കളഞ്ഞു.
ചേട്ടന്‍ ഇരുമ്പ് കൊണ്ടുണ്ടാക്കിയ ബാറ്റും ബോളും  ആണത്രേ ഉപയോഗിക്കുന്നത്.അതില്‍ കളിച്ചു പഠിച്ചാലേ ടീമില്‍ എടുക്കു.അരുണ്‍ ഷാജി പോലും അതില്‍ പ്രാവീണ്യം നെടുന്നെ ഉള്ളു അത്രേ. ഇരുമ്പ് ബാറ്റും ബോളും ഉപയോഗിക്കുന്ന അരുണ്‍ ഷാജിയുടെ ചേട്ടന്‍റെ ശക്തിയെ പറ്റി ഓര്‍ത്തപ്പോള്‍ ഞങ്ങളുടെ കണ്ണ് തള്ളി പോയി. ഫുട് ബോള്‍ കളിയ്ക്കാന്‍ ചേട്ടന്‍ ഉപയോഗിച്ചിരുന്ന ബൂട്സും ഇരുമ്പ് തന്നെ.
"ഹോ "
പിന്നെയും കാലങ്ങള്‍ കൊഴിഞ്ഞു വീണു.അരുണ്‍ ബാബുവും അരുണ്‍ ഷാജിയും ഇത്തരം കഥകള്‍ പറഞ്ഞ്‌ ഒരു ക്ലാസ്സിനെ മുഴുവന്‍ കോരിത്തരിപ്പിച്ചു കൊണ്ടുമിരുന്നു. നുണകള്‍ മനസിലാക്കാന്‍ വീണ്ടുമെടുത്തു കാലങ്ങള്‍.അപ്പോഴേക്കും അവര്‍ രണ്ടും സ്കൂള്‍ മാറി പോയിരുന്നു. എങ്കിലും ഓര്‍ത്തു ചിരിക്കാനുള്ള ഓര്‍മ്മകള്‍  ‍(നുണകള്‍) സമ്മാനിച്ച ഇവരില്‍ ആരാണ് അരക്കള്ളന്‍,ആരാണ് മുക്കാല്‍ കള്ളന്‍ എന്നതിന്,ഞങ്ങള്‍ പഴയ സുഹൃത്തുകള്‍ക്കിടയില്‍ ഇനിയും ഒരു തീരുമാനമായിട്ടില്ല.

Thursday, January 20, 2011

പാഠം ഒന്ന് : ഒരു വിലാപം .

ആദ്യത്തെ പോസ്റ്റ്‌ എന്താവണം എന്തിനെ കുറിച്ചാവണം എന്ന് തല പുകയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി..എന്തിനും  ഒരു നല്ല തുടക്കം അനിവാര്യമാണല്ലോ..ഒരു തുടക്കത്തിനു വേണ്ടിയുള്ള എന്‍റെ അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് എന്‍റെ ആദ്യത്തെ സ്കൂളിന്റെ മുറ്റത്താണ്..

St ' Paul 's ഇംഗ്ലീഷ് മീഡിയം സ്കൂള്‍.
1992 ഒരു ജൂണ്‍ മാസം...
മകന്‍ ആംഗല വിദ്യാഭ്യാസം സിദ്ധികേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ദീര്‍ഘവീക്ഷണരായ മാതാപിതാക്കള്‍ എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ലാണ്  ചേര്‍ത്തത് എന്നിനി പ്രത്യേകം പറയേണ്ടതില്ലല്ലോ .. എന്റെ സ്കൂള്‍  അന്ന് അതിന്റെ ശൈശവദശയിലായിരുന്നു .
St ' Paul 's പള്ളിയോട് ചേര്‍ന്ന് നില്ക്കുന്ന,ഓരോ നില വീതമുള്ള മൂന്ന് കെട്ടിടങ്ങള്‍ ..നാലാം തരം വരെ മാത്രമുള്ള ഒരു കുഞ്ഞു സ്കൂള്‍ ..

ചിറ്റ(അമ്മയുടെ അനുജത്തി ) യാണ് എന്നെ ആദ്യ ദിവസം സ്കൂളില്‍ കൊണ്ട് വിട്ടത് ..ചിറ്റയുടെ വിരലില്‍ തൂങ്ങി സ്കൂള്‍ പടി ചവിട്ടിയ എന്നെ എതിരേറ്റത് ഒരു കൂട്ടം കരച്ചില്‍ ശബ്ദങ്ങളാണ് ..
 എന്തിനാ ഇവന്മാരും ഇവളുംമാരും കരയുന്നത് എന്ന് തനിയെ മനസിലാക്കാനുള്ള ബുദ്ധി അന്നെനിക്കുണ്ടായിരുന്നില്ല.

തൊട്ടടുത്ത ഫ്രെയിമില്‍ ഞാനും ചിറ്റയും സാലി ടീച്ചറും (എനിക്ക്  ഏറ്റവും പ്രീയപെട്ട ടീച്ചര്‍മാരില്‍ ഒരാള്‍) മാത്രം .എന്റെ കുഞ്ഞു കൈ ചിറ്റ ടീച്ചറിന്റെ കൈയില്‍ വച്ച് കൊടുത്തു .

"എന്താ പേര് ?" ടീച്ചര്‍ ചോദിച്ചു .
ഞാന്‍ വല്ലാത്തൊരു അസ്വസ്ഥതയോടെ ചിറ്റയുടെ മുഖത്തേക് നോക്കി .

"ടീച്ചറിനോട് പേര് പറയു " ചിറ്റ പറഞ്ഞു.
ഓഹോ ചിറ്റയും ടീച്ചറിന്റെ സൈഡ് ആണോ..? ഞാന്‍ മിണ്ടാതെ നിന്നു.

"എങ്കില്‍ ശരി.പൊക്കോള്ളൂ.ഉച്ചയ്ക്ക് എത്തിയാല്‍ മതി " ടീച്ചര്‍ പറഞ്ഞു.

ടീച്ചര്‍ കൈ വിടാതെ എങ്ങനെയാ പോകുന്നെ എന്ന് ചോദിക്കണം എന്നുണ്ടാരുന്നു.എങ്കിലും നാവ് മരവിച്ചിരുന്നതിനാല്‍ ചോദിച്ചില്ല.

"റ്റാ റ്റാ " ചിരിച്ചു കൊണ്ട് ചിറ്റ കൈ വീശി.

റ്റാ റ്റാ-യോ.എന്തിന്. ചിറ്റ പോവണോ.... അതും എന്നെ കൂട്ടാതെ ? ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ തളം കെട്ടി കിടന്നു.ടീച്ചറിന്റെ  പിടി അയയുന്നുമില്ല.

രണ്ടു ചുവടു വച്ചതിനു ശേഷം ചിറ്റ തിരിഞ്ഞു നോക്കി.

ഹോ.. സമാധാനമായി.ഇപോ വിളിക്കുമായിരിക്കും. കൈ വിട്..

"റ്റാ റ്റാ " ചിറ്റ വീണ്ടും കൈ വീശി.

ചിറ്റ തിരിഞ്ഞു നടക്കുകയാണ്.എന്നെ വിളിക്കുന്നില്ല .

"അപ്പോള്‍ എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാന്‍ പോവാ  അല്ലെ...? ഇത് ഞാന്‍ അമ്മയോടും അച്ഛനോടും പറയൂല്ലോ..അവര്‍ ചിറ്റയെ ഇരുട്ടത്തൂട്ടി വെളിച്ചത്തു കിടത്തൂല്ലോ ?" 
അഞ്ചോ ആറോ അടി കുടി വച്ച് കാണും .ചിറ്റ വീണ്ടും തിരിഞ്ഞു നോക്കി.
പക്ഷെ വളരെ അവ്യക്തമായെ എനിക്ക് ആ കാഴ്ച കാണാമായിരുന്നുള്ളൂ .എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.

എന്തിനാ ഇവന്മാരും ഇവളുംമാരും കരയുന്നത്  എന്ന ഞാന്‍ ചോദിക്കാത്ത ചോദ്യത്തിനുള്ള ഉത്തരമാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാനുള്ള ബുദ്ധിയും അന്നെനിക്ക് അന്യമായിരുന്നു.
"നിനക്കും അങ്ങനെ തന്നെ വരണമെടാ" എന്ന്  എന്റെ ആദ്യത്തെ ക്ലാസ്സ്‌മെയിററ്സ് ഒരു പക്ഷെ അന്ന് ചിന്തിച്ചു കാണണം.

ക്രമേണ എന്റെ കരച്ചിലിന്റെ വോളിയം കൂടിയെന്നും അത്  നിലവിളി ആയി പരിണമിച്ചു എന്നും പിന്നീട് ഒരിക്കല്‍   സാലി ടീച്ചര്‍  പറഞ്ഞു  ഞാന്‍ അറിഞ്ഞു .
എങ്കിലും എന്റെ ഓര്‍മയിലുള്ള ഒരു കാര്യം കുടി രേഖപ്പെടുത്തട്ടെ...
കരച്ചില്‍ അടങ്ങിയ ശേഷവും കലങ്ങിയ മിഴികളുമായി ക്ലാസ്സ്‌ റൂമിന്റെ ഗ്രില്ലിട്ട ജനാലയില്‍ കൂടി വളരെ നേരം ഞാന്‍ പുറത്തേക്ക് നോക്കി നിന്നിരുന്നു .
  " ചിറ്റ വരുന്നുണ്ടോ?"

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...