Tuesday, October 18, 2011

ചുവന്നകുപ്പായക്കാരി...


                                                           
 മുകളില്‍ നിന്ന്,എന്ന് പറഞ്ഞാല്‍  അങ്ങ് മുകളില്‍ നിന്ന്..
ചക്രവാളത്തിനും അപ്പുറത്ത്  നിന്ന്...
മേഘങ്ങള്‍ക്കും   വൃക്ഷത്തലപ്പുകള്‍ക്കും ഇടയിലൂടെ സന്ധ്യ ചുവപ്പ് പെയ്യിക്കയാണ്.അറിയാതെ ആകാശത്തേക്ക് നോക്കി പോയി..
എങ്ങും ചുവപ്പ്..സന്ധ്യയുടെ ചുവപ്പ്..നിന്റെ ചുവപ്പ്..
നിനക്കും സന്ധ്യക്കും ഒരേ നിറമാണ്.ആകാശമാകെ നീ നിറഞ്ഞിരിക്കുന്നത് പോലെ....
ആ തോന്നല്‍ എന്നെ,വീണ്ടും വീണ്ടും ആകാശത്തേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
സന്ധ്യയുടെ ചുവപ്പിനു ഇത്രയും ഭംഗിയുണ്ടെന്നു ഞാനറിഞ്ഞത് നിന്നെ കണ്ടതില്‍ പിന്നെയാണ്....

നിനക്കോര്‍മയുണ്ടാകുമോ അതെന്നാണെന്ന്...?
നാം ആദ്യമായി കണ്ടതെന്നാണെന്ന്...?
മഴ,പെയ്യാതെ എവിടേക്കോ മാറി നിന്ന ഒരു തുലാമാസ പകല്‍.. ഇളം വെയിലേറ്റു നീ കൂടുതല്‍ ചുവന്നിരുന്നു.
ഒരു പകല്‍ മുഴുവന്‍ നിന്നെ നോക്കി,ഒരുപക്ഷെ നിന്നെ മാത്രം നോക്കി, ഞാവല്‍മരച്ചുവട്ടില്‍ ഞാന്‍  നിന്നിരുന്നത് നിനക്കോര്‍മയുണ്ടാകുമോ..? ഒരു നോട്ടത്തിന്റെ സൗജന്യം പോലും തരാതെ നീയും...
നാളുകള്‍ വീണ്ടുമെടുത്തു അപരിചിതത്വത്തിന്റെ മാറാലകള്‍ മാറുവാന്‍...നീ ഒന്നു ചിരിക്കാന്‍‍..
പിന്നീടെപ്പോഴോ നാം സംസാരിച്ചു തുടങ്ങി.. അല്ലേ..?
അതെപ്പോഴായിരുന്നു ?

ഒരു കാര്യം നിശ്ചയമുണ്ടെനിക്ക്,നമ്മുടെ സംസാരങ്ങള്‍ ആരും കേട്ടിരുന്നില്ല...നമുക്ക് മാത്രം മനസ്സിലാവുന്ന,ലിപിയില്ലാത്ത,വാക്കുകളില്ലാത്ത നമ്മുടേത് മാത്രമായൊരു ഭാഷയായിരുന്നു അത്.
ഭാഷയുടെ പേരെന്തായിരുന്നു..?
                                                                                         
കാറ്റ് വയല്‍പ്പൂവുകള്‍  പൊഴിക്കുന്നതിലും വേഗത്തില്‍ കടന്നു പോയ പകലുകള്‍...
നിന്നെ കാണുവാന്‍ മാത്രം,വേഗം പുലര്‍ന്നിരുന്നെങ്കില്‍   എന്നാഗ്രഹിച്ചിരുന്ന രാത്രികള്‍..

ആവര്‍ത്തന വിരസങ്ങളായേക്കാമായിരുന്ന എന്റെ പകലിരവുകള്‍ക്ക് വേറിട്ട കാഴ്ചകള്‍ സമ്മാനിച്ചത്  നീയാണ്...വേറെ ഒരിടത്തും,എനിക്ക് അനുഭവവേദ്യമാകാതിരുന്ന എന്തോഒന്ന്,നീ പകര്‍ന്നിരുന്നു..
എന്തായിരുന്നു അത് ?


ഞാനറിഞ്ഞു..നിന്റെ കഥകളില്‍  ഞാനും നിറയുന്നത്...നിന്റെ മുറ്റത്തെ ഞാവല്‍ മരത്തില്‍ നീ എന്റെ പേര് കോറി വരഞ്ഞത്..

എങ്കിലും..ഒടുവില്‍ പിരിഞ്ഞപ്പോള്‍എല്ലാവരെയും എന്ന പോലെ തന്നെ നീ എന്നെയും  യാത്രയാക്കിയത് ഞാന്‍ ഓര്‍ക്കുന്നു.ഒരു  നോക്കോ വാക്കോ നീ എനിക്കായി മാത്രം കരുതിയിരുന്നില്ല.

                                                                                   
എന്റെ ചുവന്നകുപ്പായക്കാരീഎന്റെ പ്രീയപ്പെട്ട കലാലയപ്പക്ഷി...നിന്റെ ചിറകിന്നടിയില്‍ കിളിര്‍ത്ത  ഞാന്‍ എന്ന തൂവലിനെ നീ എന്നേ പൊഴിച്ച് കളഞ്ഞിരിക്കുന്നു.
തൂവലിന്റെ വേദന അറിയാത്ത പക്ഷീ,നിനക്ക് പിന്നെയും തൂവലുകള്‍ മുളച്ചു.പക്ഷെ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട തൂവലിന്റെ വേദന..
വേദനയോടെ പടിയിറങ്ങിയവനാണ് ഞാന്‍..

നമ്മെ തേടി വന്നിരുന്ന   ഋതുക്കള്‍ക്ക്‌  ഓരോന്നിനും  സൗന്ദര്യമുണ്ടായിരുന്നു...
ഇപ്പോള്‍ നിന്റെ അഭാവത്തില്‍  ഋതുഭേദങ്ങള്‍ തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു..ഈ നഗര മാലിന്യങ്ങളിലൊന്നായി ചിതറിത്തെറിച്ചു തിരക്കിട്ടു നടക്കുമ്പോള്‍,പലപ്പോഴും മഞ്ഞും മഴയും വെയിലും ഞാന്‍  അറിയാതാവുന്നു..

ഇന്നീ ആകാശത്തു ചുവന്നു നില്ക്കുന്ന മേഘങ്ങള്‍‍..

എന്റെ വാക്കുകള്‍ ഞാന്‍ ‍ അവര്‍ക്ക് പകര്‍ന്നു നല്കുകയാണ്..
നിന്റെയടുത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍...എന്റെ ഓര്‍മകളില്‍ നീയുണ്ടെന്ന്  പറഞ്ഞു തന്നേനെ....

ചുവന്നകുപ്പായക്കാരീ....എന്റെ കലാലയപ്പക്ഷി....
ഇനിയും എന്റെ നാരായത്തില്‍ വാക്കുകളായി നീ വരും വരെ വിട നല്കുക..
സന്ധ്യ മയങ്ങുന്നു,ഞാന്‍ നടക്കട്ടെ..



സമര്‍പ്പണം :  എന്റെ കലാലയ പക്ഷിക്ക്. (M.G.U.C.E തൊടുപുഴ)...
                            :    ഒരുമിച്ച്   പൊഴിഞ്ഞ്. പിന്നീട്  എങ്ങോട്ടൊക്കെയോ പറന്ന്,പിരിഞ്ഞ  സഹ 'തൂവലുകള്‍ക്ക്' (കലാലയസുഹൃത്തുക്കള്‍ക്ക്....)                                                                                       
                              

Wednesday, October 12, 2011

ഒരു പ്രണയകഥ..





ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടികളും പ്രണയവും മറ്റും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു സംസാരവിഷയമാകുന്നത്.ഞങ്ങളുടേത് ഒരു ബോയ്സ് ഒണ്‍ലി സ്കൂള്‍ ആയിരുന്നു അന്ന്.അത് കൊണ്ട് തന്നെ പുറത്ത് എവിടെ വച്ചും ഒരു പെണ്‍ക്കുട്ടിയെ 'മുട്ടാന്‍' കിട്ടിയിരുന്ന അവസരങ്ങള്‍  ഞങ്ങള്‍ പാഴാക്കിയിരുന്നില്ല.പലരും പ്രണയത്തെ വളരെ കാര്യമായി സമീപിച്ചു തുടങ്ങിയ കാലം..
സ്വന്തം പ്രണയാനുഭവങ്ങള്‍,മിക്കവാറും എല്ലാം തന്നെ 'one  way ' ആയിരിക്കുമെങ്കിലും, യാതൊരു പിശുക്കും കൂടാതെ ആ കഥകള്‍  മറ്റുള്ളവരുമായി പങ്കു വച്ചിരുന്നു.

പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ രണ്ടു പേര്‍ ഇത്തരം വിഷയങ്ങളില്‍ നിശ്ശബ്ദരായിരുന്നു.മറ്റുള്ളവരുടെ അനുഭവ കഥകള്‍ കേള്‍ക്കുക,അവരെ പ്രോത്സാഹിപ്പിക്കുക എന്നതിലുപരി പ്രണയാനുഭവങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് പറയുവാനുണ്ടായിരുന്നില്ല.മരുന്നിനു പോലും ഒരു പ്രണയം രണ്ടാള്‍ക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം...
ആ രണ്ടു ഹതഭാഗ്യരില്‍  ഒരാള്‍ ഞാന്‍ തന്നെ ആണെന്ന് വ്യസനസമേതം പറയട്ടെ...
രണ്ടാമന്‍...
രണ്ടാമന്‍ എന്റെ ആത്മമിത്രമാണ്.'ആരോഗ്യ'പരമായി ഞാന്‍ നേരിടേണ്ടി വന്നേക്കാവുന്ന പ്രശ്നങ്ങള്‍ ഓര്‍ത്ത്,അത് കൊണ്ട് മാത്രം,നമുക്കദ്ദേഹത്തെ 'സജി' എന്ന് വിളിക്കാം.

ഗോപിയുടെ വകയില്‍ അമ്മാവന്റെ മകളുടെ കഥയും ബെന്‍ തോമസിന്റെ അയല്‍ക്കാരിയുടെ കഥയും ഒക്കെ കേട്ട് കോരിത്തരിച്ചിരുന്ന എത്രയോ ദിവസങ്ങള്‍..
അങ്ങനെ ഒരു ദിവസം സജി എന്നോട് ചോദിച്ചു..

 "നിനക്ക് ഹീരയെ ഓര്‍മ്മയുണ്ടോ ?"

ഹീര,ഹീര.ജി.നായര്‍..വെളുത്ത് മെലിഞ്ഞ സുന്ദരി പെണ്‍ക്കുട്ടി.കവിളിലെ ആ ചെറിയ മറുക് അവളുടെ സൗന്ദര്യം കൂട്ടുകയല്ലാതെ,ഒട്ടും കുറച്ചിരുന്നില്ല.      ഇരു കവിളുകളിലും നുണക്കുഴികളെ പ്രത്യക്ഷപ്പെടുത്തിയിരുന്ന ചിരിയോടു  കൂടിയ ഹീരയുടെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

പക്ഷേ..
"ഏതു ഹീര"  അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്..

"ഡേയ്..നമ്മുടെ കൂടെ അഞ്ചു വരെ പഠിച്ച...ആ.."   സജി വിശദീകരിച്ചു.

"ഓ...ആ..ഹീര...അവള്‍ക്കെന്തു പറ്റി ?"

"അവള്‍ക്കൊന്നും പറ്റിയില്ല,പറ്റിയത് എനിക്കാണ്" സജി പറഞ്ഞു.

"നിനക്കെന്തു പറ്റി?"

"എനിക്കവളെ ഇഷ്ട്ടമാ.."

"ആരെ...? ഹീരയെയോ...?"

"അതെ...പണ്ടേ ഇഷ്ടമാ..ഞാനിത് വരെ പറഞ്ഞില്ലന്നെ ഉള്ളു.."

"പോടാ...കള്ളം പറയല്ലേ.."

"സത്യം...അമ്മയാണേ സത്യം" സജി ആണയിട്ടു ആത്മാര്‍ത്ഥത വെളിവാക്കി.

സജിയുടെ ആത്മമിത്രം എന്ന നിലയില്‍ എനിക്ക് സന്തോഷം തോന്നണ്ടതാണ്,എങ്കിലും എന്റെ 'ആത്മാര്‍ത്ഥത'യുടെ പാരമ്യത കൊണ്ട് എനിക്ക് തീരെ സന്തോഷം തോന്നിയില്ലെന്നു മാത്രമല്ല സാമാന്യം ദേഷ്യം വരികയും ചെയ്തു.

"ആ സുന്ദരി എങ്ങാനും ഇവന് വീഴുമോ ഈശ്വരാ..അവളെ വീഴ്ത്താനുള്ള ഗ്ലാമര്‍ ഇവനുണ്ട് താനും.."

"അവള്‍ വീഴുമോ അളിയാ.."

സജിയുടെ ചോദ്യം,ഞാന്‍ ചിന്തയില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.

"വീഴും അളിയാ" ഞാന്‍ പറഞ്ഞു "നമ്മള്‍ വീഴ്ത്തും"

സജിയുടെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരുമിച്ച് ഉദിച്ചുയരുന്നത് ഞാന്‍ കണ്ടു...
"ഹീരയുടെ കസിന്‍ വിഷ്ണുലാലിനെ ചാക്കിട്ടു പിടിച്ചാല്‍ എളുപ്പം കാര്യം നടക്കും" ഞാന്‍ പറഞ്ഞു..

"ആ കാര്യം നീ തന്നെ എല്ക്കണം അളിയാ,എനിക്ക് വേറെ ആരെയും വിശ്വാസമില്ല"

"അത് വേണോ...?" ഞാന്‍ ചോദിച്ചു..

"വേണം...നിനക്കെ അത് പറ്റു.."

"ആ നോക്കട്ടെ..." മനസില്ലാമനസ്സോടെ ഞാന്‍ പറഞ്ഞു...
എന്നാല്‍ വിഷ്ണു ലാലിനെ വീഴിക്കുക എന്നത് ഞങ്ങള്‍ വിചാരിച്ച പോലെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയ ആയിരുന്നില്ല...
വിഷയം കേട്ടപ്പോള്‍,ഹീര അവന്റെ കസിന്‍ ആയിരുന്നിട്ട്  കൂടി അവന്റെ മുഖത്ത് അസുഖകരമായ ഭാവമാറ്റങ്ങള്‍  ഒന്നും തന്നെ കണ്ടില്ല എന്നത്
ഞങ്ങളെ കുറച്ചൊന്നുമല്ല ആശ്വാസപ്പെടുത്തിയത്..മാത്രമല്ല ഹീരയെ വളച്ചൊടിച്ചു  കയ്യില്‍ തരാമെന്നു അവന്‍ വാഗ്ദാനവും ചെയ്തു...
        
          ***********************************************************

ഇന്നാണ്  വിഷ്ണുലാല്‍ ഹീരയെയും കൊണ്ട് നാഗമ്പടം ബസ്സ്സ്റ്റാന്‍ഡില്‍ വരുന്നത്..വിഷ്ണുവിന്റെ സംസാരത്തില്‍ അവള്‍ വീണ ലക്ഷണമാണ്...
സജി പതിവിലും സുന്ദരനായിരുന്നു.
ബാഗില്‍ തനിയെ പുസ്തകം പോലും അടുക്കിവയ്ക്കാത്തവന്‍,
ചാര്‍ട്ട് പേപ്പര്‍ വാങ്ങി ,സ്വന്തം കൈ കൊണ്ട്  വെട്ടി,മനോഹരമായ ഒരു പ്രണയ ആശംസാ കാര്‍ഡുണ്ടാക്കി  കൊണ്ട് വന്നിരുന്നു അന്ന്...
ഈ പ്രേമത്തിന്റെ ഒരു ശക്തി...

അതാ...ബ്രദേഴ്സ് ബസ്‌...അതിലുണ്ട് വിഷ്ണുവും ഹീരയും..സസ്പെന്‍സ് നിലനിര്‍ത്തി കൊണ്ട് ആദ്യം ഇറങ്ങിയത് വിഷ്ണു ആണ്...

ഹീര എവിടെ...?
സജിയുടെ ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങുന്നത് എനിക്ക് പോലും കേള്‍ക്കാമായിരുന്നു..എനിക്കും ആകാംക്ഷ  ഉണ്ടായിരുന്നു.മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഹീരയെ കാണാന്‍ പോകുന്നു..

വെളുത്ത് മെലിഞ്ഞ....

നുണക്കുഴി കവിളുള്ള...

കവിളത്ത് മറുകുള്ള....

സജിയുടെ സുന്ദരിക്കുട്ടീ ...ദര്‍ശനം തരൂ....

ഒരു നിമിഷം....!!!

മെലിഞ്ഞുണങ്ങിയ ഒരു രൂപം വിഷ്ണു ലാലിന്റെ കൂടെ നടന്നു വരുന്നത് ഞങ്ങള്‍ കണ്ടു..ഒന്നേ നോക്കിയുള്ളൂ...

സുന്ദരീ ...എവിടെ നിന്റെ നുണക്കുഴികള്‍...?

എവിടെ നിന്റെ ചേലൊത്ത ചിരി...?

സജി എന്നെയും വിളിച്ചു കൊണ്ട് ഓടുകയായിരുന്നു...സത്യത്തില്‍ ഞാനും വളരെ അധികം നിരാശനായി എന്ന് പറയാതെ വയ്യ ...മനസ്സില്‍ പ്രതിഷ്ഠിച്ച വിഗ്രഹം ഒരു നിമിഷം കൊണ്ട് തകര്‍ന്നു വീണു...
ഞങ്ങളെ കാത്തു നിന്ന് മടുത്ത വിഷ്ണുവും ഹീരയും എപ്പോഴോ തിരിച്ചു പോയി...
പിന്നെയും രണ്ടു ദിവസമെടുത്തു,സജി സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍...

"ഡാ...ഹീരയുടെ കാര്യം..?" ഞാന്‍ ചോദിച്ചു...

"നീ പണ്ട് പറഞ്ഞതാണ് ശരി...നമുക്കീ പ്രേമവും മണ്ണാന്‍കട്ടയും ഒന്നും വേണ്ടാ..അത് നമ്മുടെ സുഹൃത്ബന്ധത്തെ മോശമായി ബാധിക്കും.അതുകൊണ്ട് ഞാനത് വേണ്ടാന്ന് വച്ചു.എനിക്ക് നിങ്ങള്‍ മതി...അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ്..."

സജി പറയുന്നത് കേട്ട് ചിരി വന്നെങ്കിലും..അതിലെവിടെയോ ആദ്യപ്രേമം പൊളിഞ്ഞു പാളീസായവന്റെ വേദന ഒളിഞ്ഞു കിടന്നിരുന്നു...

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...