Tuesday, October 18, 2011

ചുവന്നകുപ്പായക്കാരി...


                                                           
 മുകളില്‍ നിന്ന്,എന്ന് പറഞ്ഞാല്‍  അങ്ങ് മുകളില്‍ നിന്ന്..
ചക്രവാളത്തിനും അപ്പുറത്ത്  നിന്ന്...
മേഘങ്ങള്‍ക്കും   വൃക്ഷത്തലപ്പുകള്‍ക്കും ഇടയിലൂടെ സന്ധ്യ ചുവപ്പ് പെയ്യിക്കയാണ്.അറിയാതെ ആകാശത്തേക്ക് നോക്കി പോയി..
എങ്ങും ചുവപ്പ്..സന്ധ്യയുടെ ചുവപ്പ്..നിന്റെ ചുവപ്പ്..
നിനക്കും സന്ധ്യക്കും ഒരേ നിറമാണ്.ആകാശമാകെ നീ നിറഞ്ഞിരിക്കുന്നത് പോലെ....
ആ തോന്നല്‍ എന്നെ,വീണ്ടും വീണ്ടും ആകാശത്തേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
സന്ധ്യയുടെ ചുവപ്പിനു ഇത്രയും ഭംഗിയുണ്ടെന്നു ഞാനറിഞ്ഞത് നിന്നെ കണ്ടതില്‍ പിന്നെയാണ്....

നിനക്കോര്‍മയുണ്ടാകുമോ അതെന്നാണെന്ന്...?
നാം ആദ്യമായി കണ്ടതെന്നാണെന്ന്...?
മഴ,പെയ്യാതെ എവിടേക്കോ മാറി നിന്ന ഒരു തുലാമാസ പകല്‍.. ഇളം വെയിലേറ്റു നീ കൂടുതല്‍ ചുവന്നിരുന്നു.
ഒരു പകല്‍ മുഴുവന്‍ നിന്നെ നോക്കി,ഒരുപക്ഷെ നിന്നെ മാത്രം നോക്കി, ഞാവല്‍മരച്ചുവട്ടില്‍ ഞാന്‍  നിന്നിരുന്നത് നിനക്കോര്‍മയുണ്ടാകുമോ..? ഒരു നോട്ടത്തിന്റെ സൗജന്യം പോലും തരാതെ നീയും...
നാളുകള്‍ വീണ്ടുമെടുത്തു അപരിചിതത്വത്തിന്റെ മാറാലകള്‍ മാറുവാന്‍...നീ ഒന്നു ചിരിക്കാന്‍‍..
പിന്നീടെപ്പോഴോ നാം സംസാരിച്ചു തുടങ്ങി.. അല്ലേ..?
അതെപ്പോഴായിരുന്നു ?

ഒരു കാര്യം നിശ്ചയമുണ്ടെനിക്ക്,നമ്മുടെ സംസാരങ്ങള്‍ ആരും കേട്ടിരുന്നില്ല...നമുക്ക് മാത്രം മനസ്സിലാവുന്ന,ലിപിയില്ലാത്ത,വാക്കുകളില്ലാത്ത നമ്മുടേത് മാത്രമായൊരു ഭാഷയായിരുന്നു അത്.
ഭാഷയുടെ പേരെന്തായിരുന്നു..?
                                                                                         
കാറ്റ് വയല്‍പ്പൂവുകള്‍  പൊഴിക്കുന്നതിലും വേഗത്തില്‍ കടന്നു പോയ പകലുകള്‍...
നിന്നെ കാണുവാന്‍ മാത്രം,വേഗം പുലര്‍ന്നിരുന്നെങ്കില്‍   എന്നാഗ്രഹിച്ചിരുന്ന രാത്രികള്‍..

ആവര്‍ത്തന വിരസങ്ങളായേക്കാമായിരുന്ന എന്റെ പകലിരവുകള്‍ക്ക് വേറിട്ട കാഴ്ചകള്‍ സമ്മാനിച്ചത്  നീയാണ്...വേറെ ഒരിടത്തും,എനിക്ക് അനുഭവവേദ്യമാകാതിരുന്ന എന്തോഒന്ന്,നീ പകര്‍ന്നിരുന്നു..
എന്തായിരുന്നു അത് ?


ഞാനറിഞ്ഞു..നിന്റെ കഥകളില്‍  ഞാനും നിറയുന്നത്...നിന്റെ മുറ്റത്തെ ഞാവല്‍ മരത്തില്‍ നീ എന്റെ പേര് കോറി വരഞ്ഞത്..

എങ്കിലും..ഒടുവില്‍ പിരിഞ്ഞപ്പോള്‍എല്ലാവരെയും എന്ന പോലെ തന്നെ നീ എന്നെയും  യാത്രയാക്കിയത് ഞാന്‍ ഓര്‍ക്കുന്നു.ഒരു  നോക്കോ വാക്കോ നീ എനിക്കായി മാത്രം കരുതിയിരുന്നില്ല.

                                                                                   
എന്റെ ചുവന്നകുപ്പായക്കാരീഎന്റെ പ്രീയപ്പെട്ട കലാലയപ്പക്ഷി...നിന്റെ ചിറകിന്നടിയില്‍ കിളിര്‍ത്ത  ഞാന്‍ എന്ന തൂവലിനെ നീ എന്നേ പൊഴിച്ച് കളഞ്ഞിരിക്കുന്നു.
തൂവലിന്റെ വേദന അറിയാത്ത പക്ഷീ,നിനക്ക് പിന്നെയും തൂവലുകള്‍ മുളച്ചു.പക്ഷെ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട തൂവലിന്റെ വേദന..
വേദനയോടെ പടിയിറങ്ങിയവനാണ് ഞാന്‍..

നമ്മെ തേടി വന്നിരുന്ന   ഋതുക്കള്‍ക്ക്‌  ഓരോന്നിനും  സൗന്ദര്യമുണ്ടായിരുന്നു...
ഇപ്പോള്‍ നിന്റെ അഭാവത്തില്‍  ഋതുഭേദങ്ങള്‍ തിരിച്ചറിയാന്‍ വയ്യാതായിരിക്കുന്നു..ഈ നഗര മാലിന്യങ്ങളിലൊന്നായി ചിതറിത്തെറിച്ചു തിരക്കിട്ടു നടക്കുമ്പോള്‍,പലപ്പോഴും മഞ്ഞും മഴയും വെയിലും ഞാന്‍  അറിയാതാവുന്നു..

ഇന്നീ ആകാശത്തു ചുവന്നു നില്ക്കുന്ന മേഘങ്ങള്‍‍..

എന്റെ വാക്കുകള്‍ ഞാന്‍ ‍ അവര്‍ക്ക് പകര്‍ന്നു നല്കുകയാണ്..
നിന്റെയടുത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍...എന്റെ ഓര്‍മകളില്‍ നീയുണ്ടെന്ന്  പറഞ്ഞു തന്നേനെ....

ചുവന്നകുപ്പായക്കാരീ....എന്റെ കലാലയപ്പക്ഷി....
ഇനിയും എന്റെ നാരായത്തില്‍ വാക്കുകളായി നീ വരും വരെ വിട നല്കുക..
സന്ധ്യ മയങ്ങുന്നു,ഞാന്‍ നടക്കട്ടെ..സമര്‍പ്പണം :  എന്റെ കലാലയ പക്ഷിക്ക്. (M.G.U.C.E തൊടുപുഴ)...
                            :    ഒരുമിച്ച്   പൊഴിഞ്ഞ്. പിന്നീട്  എങ്ങോട്ടൊക്കെയോ പറന്ന്,പിരിഞ്ഞ  സഹ 'തൂവലുകള്‍ക്ക്' (കലാലയസുഹൃത്തുക്കള്‍ക്ക്....)                                                                                       
                              

1 comment:

  1. innann ith kaanunnath..
    ella postukalum vaayichilla..
    ella bhavukangalum...

    ReplyDelete