Monday, November 23, 2015

കരികിലപ്പിടച്ചികൾ..കവളംകാളികൾ..കലപിലകൾ


വീടിന്റെ മുകളിലേക്ക് ചാഞ്ഞ പേരമരം വെട്ടിയതിനും പറമ്പിലെ മൾബറി ഉണങ്ങി പോയതിനും ശേഷമാണ് കിളികൾ വരാതായത്.കരികിലപ്പിടച്ചികൾ കവളം കാളികൾ പച്ചക്കിളികൾ പിന്നെ കുറെ പേരറിയാ പക്ഷികളും ഞങ്ങളുടെ (അവരുടെയും) പറമ്പ് ഉപേക്ഷിച്ചു പോയതിന്റെ കാരണം ഇടയ്ക്ക് ചെറു സന്ദർശനം നടത്തിയ ഒരു കരികിലപ്പിടച്ചി പറഞ്ഞാണ് ഞാൻ അറിയുന്നത്.പേരയ്ക്ക ഇല്ല.മൾബറിയ്ക്ക ഇല്ല.ആകെയുള്ള കപ്പളത്തിലെ ഒരു കായ പോലും പഴുക്കാൻ അനുവദിക്കാതെ നിങ്ങൾ പറിച്ചു തോരൻ വച്ച് ചോറിനു കൂട്ടുന്നു.പിന്നെയെന്തിനാണ് ഞങ്ങൾ വരുന്നത് എന്ന ന്യായമായ ചോദ്യവും ചോദിച്ചു കരികിലപ്പിടച്ചി പറന്നു പോയി.

ഞാൻ പറമ്പിലേക്ക് നോക്കി.ശരിയാണ് കിളികൾക്ക് ഉപകാരപ്പെടുന്ന യാതൊന്നും പറമ്പിൽ കാണുന്നില്ല.ഇടിവെട്ടേറ്റതിൽ പിന്നെ പ്ലാവ് രോഗശയ്യയിലായി.നാട്ടുമാവ് ഒന്നരാടനാണ്.മൂന്നോ നാലോ വാഴയുണ്ട്.ചെമ്പരത്തിയും തുളസിയും  കൂവളവും കൊണ്ട് പക്ഷികൾക്ക് പ്രയോജനമൊന്നുമുണ്ടാവാൻ ഇടയില്ല.
എങ്കിലും കാക്കകൾ എന്തിനാണ് പോയതെന്ന് മനസിലായില്ല.കരികിലപ്പിടച്ചികളുമായി വഴക്ക് കൂടിയില്ലെങ്കിൽ കാക്കകൾക്ക് ഉറക്കം കിട്ടില്ല എന്ന് തോന്നുന്നു,അവറ്റകളുടെ പിറകേ പോയതാവാനേ തരമുള്ളൂ.

പക്ഷികളുടെ കലപിലകൾ ഇല്ലാത്ത പറമ്പ്.പേരയുടെ ഉണങ്ങിയ കുറ്റിയിൽ ഇനി ഒരു തളിർപ്പിന്റെ ലക്ഷണമില്ല.അടുത്ത് അമ്മ നട്ട ലോലോലിക്കാ തൈ ആരോഗ്യത്തോടെ നിൽപ്പുണ്ട്.എന്നാലും പേരയും മൾബറിയും പോലാവില്ലല്ലോ ലോലോലിക്ക.

അയൽവക്കത്തെ പറമ്പിന്റെ കന്നി മൂലയിലെ സർപ്പക്കാവിൽ മേഘം തൊട്ടു നിന്നിരുന്ന രണ്ടു പാലകൾ നിലംപതിച്ചിരിക്കുന്നു.കുട്ടിക്കാലത്ത് പേടിയോടെയാണെങ്കിലും  പന്തെടുക്കാൻ  ഒരിക്കൽ ഉള്ളിൽ കടന്നപ്പോൾ കണ്ട തുമ്പികളും ശലഭങ്ങളും ചില ചെറു കിളികളും എങ്ങോട്ടോ പോയി.പേടിക്ക്‌ കാരണക്കാരിയായി പാലയിൽ അധിവസിച്ചിരുന്ന യക്ഷിക്കും സ്വന്തം ഇടം നഷ്ടമായി.

ചങ്ങനാശേരിയിൽ നിന്നും കൊണ്ട് വന്നു നട്ട ലോലോലിക്കാ തൈ ചെടിയായി,മരമായി.പക്ഷേ പൂത്തുമില്ല കായ്ചുമില്ല .പക്ഷികൾ വരാതായിട്ടു കാലങ്ങളായി.വൈകിട്ടത്തെ കേളി നിലമായി ഞങ്ങളുടെ പറമ്പിനെ കണ്ടിരുന്ന സുന്ദരി എന്ന പൂച്ചയും മക്കളും,സുന്ദരിയുടെ മക്കളുടെയും സുന്ദരിയുടെ തന്നെയും അച്ഛനായ സദാ ഗൗരവക്കാരനായ കണ്ടനും,പകൽ പറമ്പിൽ ചുറ്റുകയും രാത്രിയിൽ തട്ടിൻ പുറത്തു താമസിക്കുകയും അവിടെ നിർദാക്ഷണ്യം മൂത്രം ഒഴിക്കുകയും ചെയ്യുന്ന കീരി കുടുംബവും,എത്ര കീരികൾ ഉണ്ടെങ്കിലും ഇത് തന്റെ സ്ഥലമാണ് എന്ന അഹങ്കാരത്തോടെ കിണറ്റുകരയിൽ വെയിൽ കായാനെത്തുന്ന ചേരയുമാണ് ഇപ്പോൾ പറമ്പിലെ ജന്തു സാന്നിധ്യം.

ജനാല ചില്ലിലെ മുട്ടു കേട്ട് നോക്കിയപ്പോഴാണ് കണ്ടത്.
ഒരു കരികിലപ്പിടച്ചി.പണ്ട് ഇവിടം വിട്ടു പോയ ഏതോ ഒന്നിന്റെ പിൻഗാമിയാവാം.എന്തായാലും അത് ഒറ്റയ്ക്കല്ല.വേറെയും കലപിലകൾ കേൾക്കുന്നുണ്ട്.ഞാൻ മുറ്റത്തേക്കിറങ്ങി.ഒരു പറ്റം പക്ഷികൾ ലോലോലിക്കാ മരത്തിനു ചുവട്ടിൽ കൊത്തിപ്പെറുക്കുന്നു.തമ്മിൽ ഒച്ച വയ്ക്കുന്നു.ഞാൻ മരത്തിലേക്ക് നോക്കി.

ലോലോലിക്കകൾ.ആയിരം ലോലോലിക്കകൾ.

ചുവന്ന ബൾബുകൾ പോലെ ലോലോലിക്കകൾ.

പക്ഷികൾ ഇല്ലാത്ത പറമ്പിലെ  മനുഷ്യരും  തന്നെ ഉപേക്ഷിച്ചു എന്ന് മരത്തിനു തോന്നിയിരിക്കണം.അവൾ പൂത്തതും കായ്ച്ചതും ആരും അറിഞ്ഞില്ല.
അവളുടെ ചുറ്റും കലപിലകൾ കൂടി കൂടി വന്നു.കടിഞ്ഞൂൽ പെറ്റ മരം നാണം കൊണ്ടോ കായകളുടെ ഭാരം കൊണ്ടോ തല കുനിച്ചു നിന്നു.

3 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഇഷ്ട്ടപ്പെട്ടു.
  ഇനി ഇപ്പം ലൊലൊലിക്കകൾ പറിക്കാൻ നിങ്ങൾ ഇല്ലെ...!

  ReplyDelete
 3. ആവാസവ്യവസ്ഥയുടെ പതനം അല്ലേ
  ലോലോലിക്ക മാത്രമാക്കണ്ട ഹരിതാഭാമാക്കൂ നമ്മുടെയിടം

  ReplyDelete