Friday, July 27, 2012

പരീക്ഷ

ഈ  അടുത്ത കാലത്ത് നടന്ന ഒരു സംഭവം..
പത്താം ക്ലാസ്സില്‍ പഠിക്കുന്ന ,എന്‍റെ  ഒരു കസിന്‍ (cousin ) പരീക്ഷയ്ക്കിടയിലും അതിനു ശേഷവും നേരിട്ട പ്രശ്നമാണ് പറയാന്‍ പോകുന്നത്  .
 കോഴിക്കോട്ടെ മികച്ച സ്കൂളുകളില്‍ ഒന്നാണ് അവള്‍  പഠിക്കുന്ന സ്കൂള്‍. പഠിക്കാന്‍ ബഹു മിടുക്കി .മലയാളം ഒഴിച്ച് എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിനു മേല്‍ മാര്‍ക്കുണ്ടാകും എന്നുറപ്പ്.മലയാളത്തിനു മാത്രം ആള്‍ അല്പം വീക്കാണ്.

കഴിഞ്ഞ ആഴ്ച സ്കൂളില്‍ യൂണിറ്റ് ടെസ്റ്റ്‌ ആയിരുന്നു.
ആദ്യത്തെ പരീക്ഷ,അവളുടെ പേടി സ്വപ്നമായ മലയാളം.

മലയാളത്തിലെ തന്റെ പരിമിതികള്‍ അറിയാവുന്ന കുട്ടി,വളരെയധികം തയ്യാറെടുപ്പുകളോടെ,അധ്വാനിച്ചു പഠിച്ചാണ് ഇത്തവണ മലയാളം പരീക്ഷയെ നേരിടാന്‍ എത്തിയത്.  മറ്റേതു വിഷയത്തിനു കുറഞ്ഞാലും മലയാളത്തിനു കുറയില്ല എന്നവള്‍ ഉറപ്പിച്ചിരുന്നു .

പരീക്ഷ തുടങ്ങി.
കഷ്ടപ്പെട്ട് പഠിച്ചതിന്റെ ഗുണം കാണാനുണ്ടായിരുന്നു .ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അറിയാം.
അങ്ങനെ ഉത്തരങ്ങള്‍ ഒന്നൊന്നായി എഴുതി വന്നപ്പോഴാണ്  ഒരു ചോദ്യം അവള്‍ ശ്രദ്ധിച്ചത്.

' "സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം,
   പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം."
   ആശയം വിപുലമാക്കുക  .'

അയ്യോ..കുടുങ്ങി..എന്താണീ പാരതന്ത്ര്യം...???
പാര ... തന്ത്ര്യം....പാരയും തന്ത്രിയും ..എന്താണ് സംഭവം..??

ഒട്ടുമേ അറിയാത്ത ഒരു ചോദ്യം നിമിത്തം അറിയാവുന്ന ഉത്തരങ്ങള്‍ കൂടി  മറന്നു പോകുന്ന അവസ്ഥ.അതുവരെ വളരെ നന്നായി പരീക്ഷ എഴുതി കൊണ്ടിരുന്ന അവളുടെ ആത്മവിശ്വാസം തകര്‍ന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പക്ഷെ പെട്ടെന്ന് തന്നെ അവള്‍  ഒരു തീരുമാനത്തിലെത്തി.പാരതന്ത്ര്യം എന്താണെന്ന്  എക്സാം ഹാളില്‍ നില്‍ക്കുന്ന ടീച്ചറിനോട് ചോദിക്കുക തന്നെ.ആ വാക്കിന്റെ അര്‍ഥം മാത്രം പറഞ്ഞു തന്നാല്‍ മതി.

ഭാഗ്യം.. ഫിസിക്സ്‌ ടീച്ചറാണ് ഹാളില്‍.അതിനു മാര്‍ക്കുള്ളത്‌ കൊണ്ട് ടീച്ചറിന് തന്നെ ഇഷ്ടവുമാണ്.ടീച്ചര്‍ പറഞ്ഞു തരും

ആ ചിന്ത നല്‍കിയ ശക്തി അവളെ  പരീക്ഷയിലേക്ക് മടക്കി കൊണ്ട് വന്നു.ആ ഒരു ചോദ്യം ഒഴിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും അവള്‍ ഉത്തരമെഴുതി.
പക്ഷേ സമയമായപ്പോ അവള്‍ക്കല്പം പേടി തോന്നി.ഇനി ടീച്ചര്‍ പുറത്താക്കുകയോ മറ്റോ  ചെയ്‌താല്‍....??
പരീക്ഷ തീരാന്‍ ഇനി 15 മിനിറ്റ് കൂടിയേ ഉള്ളു.ചോദിക്കുകയാണേല്‍ ഇപ്പൊ ചോദിക്കണം.ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അവള്‍ ടീച്ചറിനെ വിളിച്ചു.

"ടീച്ചര്‍.."
 ടീച്ചര്‍ പേപ്പറുമായി  വന്നു.

"ടീച്ചര്‍...പേപ്പര്‍ വേണ്ടിയിട്ടല്ല.ഒരു ഡൌട്ട് ഉണ്ടാരുന്നു. " അവള്‍ ചോദ്യ കടലാസ് ടീച്ചര്‍ക്ക് നേരെ നീട്ടി .
"ടീച്ചര്‍...ഈ  ചോദ്യം..."

"അതിനെന്താ കുഴപ്പം..മലയാളം ടീച്ചറിനെ വിളിക്കണോ??" ടീച്ചര്‍ ചോദിച്ചു.

"അയ്യോ...വേണ്ടാ."
ബാക്കി വിഷയങ്ങള്‍ക്ക്‌ നല്ല മാര്‍ക്ക് വാങ്ങുകയും മലയാളത്തിനു മാര്‍ക്ക് കുറയുകയും ചെയ്യുന്നത് കൊണ്ട് മലയാളം ടീച്ചര്‍ക്ക് തന്നെ കണ്ടു കൂടാ,ഇനി ഇത് മതി ദേഷ്യം കൂടാന്‍.

"മലയാളം ടീച്ചര്‍ വേണ്ട...ഈ വാക്കിന്റെ അര്‍ഥം ഒന്ന് പറഞ്ഞു തരാമോ ടീച്ചര്‍..പ്ലീസ്.."

നിഷ്കളങ്കമായ ആ ചോദ്യത്തിന് മുന്‍പില്‍ ആ ഫിസിക്സ്‌ ടീച്ചര്‍ ആദ്യം അല്പം ജാഡ ഇട്ടെങ്കിലും ,
"ഏതു വാക്കാ ?"
ചോദ്യ പേപ്പറിലെ 'പാരതന്ത്ര്യം' എന്ന വാക്ക് അവള്‍ ടീച്ചര്‍ക്ക് കാണിച്ചു കൊടുത്തു.

"ഇതൊക്കെ പഠിച്ചിട്ടു വരണ്ടേ മോളേ ..പാരതന്ത്ര്യം എന്നാല്‍ ഒറ്റപ്പെടല്‍,ജീവിതത്തില്‍ ഒക്കെ നമ്മള്‍ ആരുമില്ലാതെ ഒറ്റപ്പെട്ടു നില്‍കുന്ന അവസ്ഥയുടെ പേരാണ് പാരതന്ത്ര്യം.ഞാന്‍ പറഞ്ഞു തന്നെന് ആരും അറിയണ്ടാട്ടോ."
ആ പാവം കുട്ടി ടീച്ചര്‍ പറഞ്ഞു കൊടുത്ത 'അര്‍ഥം ' വെച്ച് ആശയം വിപുലീകരിച്ചു.

ഒടുവില്‍ വീട്ടില്‍ ചെന്ന് അമ്മയോട് ഈ  സംഭവം വിവരിച്ചപോള്‍ മാത്രമാണ് ,പാരതന്ത്ര്യം എന്നാല്‍ സ്വാതന്ത്ര്യമില്ലായ്മ എന്നാണ് എന്നും ഫിസിക്സ്‌ ടീച്ചര്‍ പറഞ്ഞു തന്ന അര്‍ഥത്തിനു പാരതന്ത്ര്യവുമായി പുല ബന്ധം പോലുമില്ല എന്നും അവള്‍ക്കു  മനസിലായത്.

ആശയ വിപുലനം തെറ്റിയെങ്കില്‍ എന്താ,ഇത്തവണ  മലയാളത്തിനു നല്ല മാര്‍ക്കുണ്ട് അവള്‍ക്ക് .

പക്ഷെ..
ഇത്തവണ മാര്‍ക്ക് കുറഞ്ഞത് ഫിസിക്സിനാണ്.
ഉത്തരമെല്ലാം ശരി തന്നെ,പക്ഷെ ഒന്നിനും കൃത്യമായ മാര്‍ക്ക് കൊടുത്തിട്ടില്ല.

എന്താ കാര്യം???

ആ ഫിസിക്സ്‌ ടീച്ചര്‍ക്ക് പറ്റിയ തെറ്റ്  ,നേരിട്ട് ടീച്ചറിനോട് തന്നെ ബോധിപ്പിക്കാനുള്ള ധൈര്യം അവള്‍ കാണിച്ചു ..
ഫിസിക്സിന് മാര്‍ക്ക് കുറഞ്ഞതില്‍ അല്ഭുതമുണ്ടോ...??

എന്ത് ചേതോവികാരത്തിന്റെ പേരിലായാലും ഒരു അദ്ധ്യാപിക ഇങ്ങനെ ചെയ്യാമോ???

ആദ്യമൊക്കെ അവള്‍ അമ്മയോട് തര്‍ക്കിക്കുകയും വാദിക്കുകയും ചെയ്തു തന്റെ ഫിസിക്സ്‌ ടീച്ചറിന് വേണ്ടി.ഒടുവില്‍ നിഘണ്ടു എടുത്ത് കാണിക്കേണ്ടി വന്നു,ടീച്ചര്‍ പറഞ്ഞു കൊടുത്തതും അവള്‍ എഴുതിയതും തെറ്റാണെന്ന് ആ കുട്ടിയെ വിശ്വസിപ്പിക്കാന്‍.അത്രത്തോളം സ്വാധീനമുണ്ട്  ടീച്ചര്‍മാര്‍ക്കു കുട്ടികളില്‍.
അതൊന്നും  മനസിലാകാത്ത അല്ലെങ്കില്‍ മനസിലാക്കാന്‍ ശേഷിയില്ലാത്തവരാണ് ഇന്ന്  അധ്യാപകകുപ്പായത്തിനുള്ളില്‍ ഞെളിഞ്ഞു നടക്കുന്ന പലരും.

ആ ടീച്ചര്‍  ചുവന്ന മഷി കൊണ്ട് ഗുണന ചിഹ്നങ്ങള്‍ വരഞ്ഞിട്ടത്  ആ പേപ്പറില്‍  മാത്രമല്ല ആ പെണ്‍കുട്ടിയുടെ ചെറിയ മനസ്സില്‍ കൂടിയാണ് . ഒരു പക്ഷെ ഇത്തരം അധ്യാപകരുടെ ശിഷ്യരാകുക എന്നത് തന്നെ അല്ലേ ഇപ്പോള്‍ കുട്ടികള്‍ നേരിടുന്ന ഏറ്റവും  വലിയ പരീക്ഷ...






2 comments:

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...